കണ്ണൂർ – പിഎസ്‍സി പരീക്ഷ ഹൈടെക് കോപ്പിയടിയിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് അന്വേഷണവുമായി പൊലീസ്. മറ്റാർക്കും ബന്ധമില്ലെന്നാണ് അറസ്റ്റിലായ എൻ.പി. മുഹമ്മദ് സഅദ് പൊലീസിനു മൊഴി നൽകിയത്. മുൻപു നാല് പരീക്ഷകൾക്കു കൂടി, സമാനമായ രീതിയിൽ ഇയാൾ കോപ്പിയടിച്ചുവെന്നാണ് പൊലീസിനു ലഭിക്കുന്ന സൂചന. എസ്ഐ പരീക്ഷയ്ക്കും സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പ്രിലിമിനറി പരീക്ഷയ്ക്കും കോപ്പിയടിച്ചുവെന്ന് സഅദ് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ മുൻപ് കോപ്പിയടിച്ചപ്പോൾ കണക്‌ഷൻ പ്രശ്നമുണ്ടായെന്നും സഹായിയായി പുറത്തു നിന്ന എ. സബീലുമായി ബന്ധം വിച്ഛദിക്കപ്പെട്ടെന്നും മൊഴി നൽകിയിട്ടുണ്ട്.
പരീക്ഷയ്ക്ക് കോപ്പിയടിച്ച പെരളശ്ശേരി സ്വദേശി എൻ.പി.മുഹമ്മദ് സഅദിനേയും (25) പരീക്ഷയ്ക്ക് സഹായിച്ച പെരളശ്ശേരി സ്വദേശി എ. സബീലിനെയും (23) കസ്റ്റഡിയിൽ കിട്ടാൻ ടൗൺ പൊലീസ് കോടതിയിൽ അപേക്ഷ നൽകി. സഅദിനെയും സബീലിനെയും ഒന്നിച്ചു ചോദ്യം ചെയ്യുമ്പോഴേ സംഘത്തിൽ കൂടുതൽ പേരുണ്ടോയെന്ന് അറിയാൻ പറ്റൂവെന്ന് പൊലീസ് പറഞ്ഞു.
സബീൽ പിഎസ്‌സി പരീക്ഷാ പരിശീലനത്തിനു പോകുന്നുണ്ടെങ്കിലും പരീക്ഷ എഴുതാറില്ല. സാങ്കേതിക വിദ്യകളിൽ സബീലിനു മികച്ച പ്രാവീണ്യമുണ്ടെന്നാണ് വിവരം. സബീലാണ് ബ്ലൂ ടൂത്ത് വഴിയുള്ള കോപ്പിയടിയുടെ സൂത്രധാരൻ എന്നാണ് പൊലീസ് കരുതുന്നത്. സബീൽ ഇതേ രീതിയിൽ മറ്റാർക്കെങ്കിലും സഹായം നൽകിയിട്ടുണ്ടോ എന്നും പരിശോധിക്കുകയാണ്. ഇത്രയും ചെറിയ ഉപകരണങ്ങൾ എവിടെ നിന്നും സംഘടിപ്പിച്ചുവെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ബ്ലൂടൂത്ത് വഴി ഉത്തരങ്ങൾ നൽകിയിരുന്നതിനാൽ സബീൽ പരീക്ഷാ ഹാളിന്റെ അടുത്തു തന്നെയുണ്ടായിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്.
