ക്വറ്റ (പാക്കിസ്ഥാൻ) – ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയിലെ അർധസൈനിക വിഭാഗത്തിന്റെ ആസ്ഥാനത്തിനു പുറത്ത് ശക്തമായ കാർ ബോംബ് സ്ഫോടനം. കുറഞ്ഞത് 13 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റതായും അധികൃതർ വാർത്താ ഏജൻസിയായ എപിയോട് പറഞ്ഞു.

സ്ഫോടനത്തിന്റെ ശബ്ദം ദൂരെ സ്ഥലങ്ങളിൽ വരെ കേട്ടതായി മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. മരണസംഖ്യ ഇനിയും വർധിക്കാൻ സാധ്യതയുണ്ടെന്ന് പ്രവിശ്യയിലെ ആരോഗ്യ മന്ത്രി ബഖത് കാക്കർ മുന്നറിയിപ്പ് നൽകി. സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന നിരോധിത സംഘടനയായ ബലൂച് ലിബറേഷൻ ആർമി പോലുള്ള ഗ്രൂപ്പുകളിൽ നിന്നുള്ള അക്രമങ്ങൾ കാരണം ബലൂചിസ്ഥാൻ വളരെക്കാലമായി പ്രക്ഷുബ്ധമാണ്. ബലൂചിസ്ഥാന്റെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമാണ് ക്വറ്റ.

ക്വറ്റയിൽനിന്ന് ഖൈബർ പഖ്തൂൺഖ്വയിലെ പെഷാവറിലേക്ക് പോവുകയായിരുന്ന ജാഫർ എക്സ്പ്രസ് ഈ വർഷം ബലൂച് ലിബറേഷൻ ആർമി (ബിഎൽ‌എ) തട്ടിയെടുത്ത് യാത്രക്കാരെ ബന്ദികളാക്കിയിരുന്നു. പിന്നീട് യാത്രക്കാരിൽ ഭൂരിഭാഗം പേരെയും പാക്ക് സൈന്യം മോചിപ്പിച്ചു. നിരവധി പാക്ക് ൈസനികരും വിഘടനവാദികളും കൊല്ലപ്പെട്ടു. ക്വറ്റയിൽനിന്നു 160 കിലോമീറ്റർ അകലെ പർവതമേഖലയിൽ പാളം തകർത്തശേഷമാണു ബിഎൽഎ ട്രെയിൻ പിടിച്ചെടുത്തത്.