ഷ്യാ കപ്പില്‍ ഒമ്പതാം തവണയും കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യ. കലാശപ്പോരില്‍ പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് കീഴടക്കിയായിരുന്നു ഇന്ത്യ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്. 147 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ രണ്ട് പന്തുകള്‍ ബാക്കിനില്‍ക്കെ മറികടന്നു. സ്‌കോര്‍: പാകിസ്ഥാന്‍-19.1 ഓവറില്‍ 146, ഇന്ത്യ-19.4 ഓവറില്‍ അഞ്ച് വിക്കറ്റിന് 150. പുറത്താകാതെ 53 പന്തില്‍ 69 റണ്‍സെടുത്ത തിലക് വര്‍മയാണ് ഇന്ത്യയുടെ വിജയശില്‍പി.

കൂട്ടത്തകര്‍ച്ചയോടെയായിരുന്നു ഇന്ത്യ ചേസിങ് ആരംഭിച്ചത്‌. 20 റണ്‍സെടുക്കുന്നതിനിടെ ടോപ് ഓര്‍ഡറിലെ മൂന്ന് ബാറ്റര്‍മാരെയും നഷ്ടപ്പെട്ടു. രണ്ടാം ഓവറില്‍ അഭിഷേക് ശര്‍മയെയും, മൂന്നാം ഓവറില്‍ സൂര്യകുമാര്‍ യാദവിനെയും, നാലാം ഓവറില്‍ ശുഭ്മാന്‍ ഗില്ലിനെയും നഷ്ടമായതോടെ ഇന്ത്യ പതറി. ആറു പന്തില്‍ അഞ്ച് റണ്‍സെടുത്ത അഭിഷേകിനെയും, 10 പന്തില്‍ 12 റണ്‍സെടുത്ത ഗില്ലിനെയും ഫഹീം അഷ്‌റഫ് പുറത്താക്കി. അഞ്ച് പന്തില്‍ ഒരു റണ്‍സെടുത്ത സൂര്യകുമാര്‍ യാദവ് ഷഹീന്‍ അഫ്രീദിക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി.

നാലാം വിക്കറ്റില്‍ തിലക് വര്‍മയും, സഞ്ജു സാംസണും നടത്തിയ ചെറുത്തുനില്‍പ് ഇന്ത്യയ്ക്ക് ആശ്വാസകരമായി. 57 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പാണ് ഇരുവരും ഇന്ത്യയ്ക്ക് സമ്മാനിച്ചത്. ഇതിനിടെ 21 പന്തില്‍ 24 റണ്‍സെടുത്ത സഞ്ജുവിനെ അബ്രാര്‍ അഹമ്മദ് പുറത്താക്കിയതോടെ പാകിസ്ഥാന്‍ വീണ്ടും മത്സരത്തിലേക്ക് തിരികെയെത്തി.