കരൂർ – റാലിക്കിടെയുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷംരൂപ ധനസഹായം പ്രഖ്യാപിച്ച് തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയ്. പരുക്കേറ്റവർക്ക് 2 ലക്ഷംരൂപ നൽകും. കുടുംബങ്ങളെ സഹായിക്കാൻ വിജയ് പ്രവർത്തകർക്ക് നിർദേശം നൽകി. സംസ്ഥാന പര്യടനം വിജയ് നിർത്തിവച്ചു. കോടതി കടുത്ത നടപടികളെടുക്കുമെന്ന സൂചനകളെ തുടര്‍ന്നാണ് തീരുമാനം. ദുരന്തമുണ്ടായ കാര്യം ടിവികെ നാളെ കോടതിയെ അറിയിക്കും. കോടതിയിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെടും. ടിവികെ നേതാക്കൾ ഓൺലൈനായി യോഗം ചേർന്നു. നിയമോപദേശം തേടാൻ യോഗത്തിൽ തീരുമാനിച്ചു.
കരൂരിലെ റാലിയിലെ തിക്കിലും തിരക്കിലും 39 പേരാണ് മരിച്ചത്. നിരവധിപേർക്ക് പരുക്കേറ്റു. ടിവികെ നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ടിവികെ കരൂർ വെസ്റ്റ് സെക്രട്ടറിയെ പ്രതിചേർത്തു. ടിവികെ സംസ്ഥാന നേതാക്കൾക്കെതിരെയും കേസെടുത്തു. മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസ്. കുറ്റകരമായ നരഹത്യാ ശ്രമത്തിനുള്ള വകുപ്പ് ചേർത്തു. ജനറൽ സെക്രട്ടറി ബുസി ആനന്ദിനും ജോയിന്റ് സെക്രട്ടറി നിർമൽ കുമാറിനുമെതിരെയും കേസെടുത്തു.
