ന്ത്യയും പാക്കിസ്ഥാനും തമ്മിൽ എന്നൊക്കെ കളിച്ചിട്ടുണ്ടോ ആ മത്സരങ്ങളൊക്കെ വേറെ ലെവലായിരുന്നിട്ടുണ്ട്. അടുത്ത കാലത്തു നടന്ന എല്ലാ ഇന്ത്യ – പാക്ക് മത്സരങ്ങളും ഒരു പന്തുപോലും വിടാതെ സീൻ ബൈ സീൻ ആയി ഓർത്തിരിക്കുന്നവരാണ് നമ്മളൊക്കെ! പക്ഷേ, ഇത്തവണത്തെ ഏഷ്യാകപ്പ് അതിനുമപ്പുറത്തേക്ക് ആരാധകരെ കൂട്ടിക്കൊണ്ടുപോയി.

കഴിഞ്ഞ 2 ഞായറാഴ്ചകളിലായി 2 ഇന്ത്യ – പാക്ക് മത്സരങ്ങൾ. ഇന്നിതാ, അതിനു കലാശക്കൊട്ടുപോലെ മൂന്നാമത്തെ മത്സരം; ഇന്ത്യ – പാക്കിസ്ഥാൻ ഫൈനൽ! മുൻപ് 8 തവണ ഇതേ ടൂർണമെന്റിൽ നമ്മൾ ജേതാക്കളായിട്ടുണ്ട്. എന്നാൽ ഇന്ത്യ– പാക്ക് സൂപ്പർ ഫൈനൽ ഏഷ്യാകപ്പ് ചരിത്രത്തിൽ ഇതാദ്യമാണ്. വിരാട് കോലിയും രോഹിത് ശർമയുമൊക്കെ ഇല്ലാതെ പോയതിന്റെ കുറവൊന്നും ഫീൽ ചെയ്യിക്കാതെയാണ് ഈ ഏഷ്യാകപ്പിൽ ഇന്ത്യൻ ടീം ഇതുവരെ വന്നത്. ആദ്യ 2 മത്സരങ്ങളിലും പാക്കിസ്ഥാനെ നമ്മൾ തോൽപിച്ചതു വളരെ ഈസിയായിട്ടാണ്. പക്ഷേ, അതു നൽകിയ എക്സൈറ്റ്മെന്റ് അൽപം പോലും കുറഞ്ഞതുമില്ല. ഇന്നു നടക്കാൻ പോകുന്ന ഫൈനൽ മത്സരം അൽപംകൂടി ആവേശകരമാകണം എന്ന ആഗ്രഹമാണ് എനിക്കുള്ളത്. കാരണം, ഈ ഏഷ്യാകപ്പിൽ ഇന്ത്യയുടെ എല്ലാ വിജയങ്ങളും ഒരുപരിധി വരെ ഏകപക്ഷീയമായിരുന്നു. സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ മാത്രമാണ് കളി അൽപമൊന്നു കടുത്തത്.

പാക്കിസ്ഥാനെതിരെയാകട്ടെ, ചെറുത്തുനിൽപിനു പോലും അവസരം നൽകാതെ അവരെ നമ്മൾ കീഴടക്കിക്കളഞ്ഞു. ഇന്ന് കുറച്ചുകൂടി നന്നായി കളിക്കാൻ ഇന്ത്യയ്ക്കും പാക്കിസ്ഥാനും കഴിയട്ടെ! ഇന്ത്യ ഏഷ്യാകപ്പ് ജേതാക്കളാകുന്നതു കാണാനാണ് എല്ലാവരും കാത്തിരിക്കുന്നത്. അപ്പോഴും അൽപം കൂടി ആവേശകരമായ, എക്സൈറ്റ്മെന്റുള്ള മൽസരമാണ് ഈ മൂന്നാം ഞായറാഴ്ച ക്രിക്കറ്റ് പ്രേമികൾ ആഗ്രഹിക്കുന്നത്. മലയാളി എന്ന നിലയിൽ മറ്റൊരു ആഗ്രഹം കൂടിയുണ്ട്. അത് എന്റെ പ്രിയ സുഹൃത്തായ സഞ്ജു സാംസൺ ഈ കളിയിൽ തകർപ്പൻ പ്രകടനം നടത്തി ഇന്ത്യയുടെ വിജയശിൽപികളിൽ ഒരാളായി മാറട്ടെ എന്നതാണ്. ഏതു റോളിൽ കളിച്ചാലും നമ്മുടെ ലാലേട്ടനെപ്പോലെ അതു ഗംഭീരമാക്കാനാണു താൻ ശ്രമിക്കുകയെന്നു കഴിഞ്ഞ ദിവസം സഞ്ജു പറഞ്ഞിരുന്നല്ലോ. ഓപ്പണറായോ അഞ്ചാമനായോ എട്ടാമനായോ സഞ്ജു വരട്ടെ. ഏതു റോളിലാണെങ്കിലും അതു സൂപ്പറാക്കാൻ നമ്മുടെ സഞ്ജുവിനു കഴിയട്ടെ!