മസ്കത്ത് – മസ്കത്ത്- കണ്ണൂർ സെക്ടറിൽ സർവീസുകൾ വെട്ടിച്ചുരുക്കാൻ എയർ ഇന്ത്യ എക്സ്പ്രസ്. വിന്റർ ഷെഡ്യൂളിന്റെ ഭാഗമായി മസ്കത്ത് ഉൾപ്പെടെ ഗൾഫ് സെക്ടറുകളിൽ നിന്നുള്ള സർവീസുകൾ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് അടുത്ത മാസം മുതൽ ആഴ്ചയിൽ വിമാനങ്ങളുടെ എണ്ണം ചുരുക്കുന്നത്. ഇത് സംബന്ധിച്ച് വിമാന കമ്പനി അധികൃതരിൽ നിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെങ്കിലും വെബ്സൈറ്റിൽ ടിക്കറ്റുകൾ ലഭ്യമല്ല.
മസ്കത്തിൽ നിന്ന് കണ്ണൂരിലേക്ക് ആഴ്ചയിൽ ഏഴ് ദിവസവും നിലവിൽ ഏഴ് സർവീസുകളുണ്ട്. ഇത് നാല് സർവീസുകളായി ചുരുങ്ങും. ഒക്ടോബർ ആറിന് ശേഷം തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ മാത്രമാകും സർവീസുകൾ. മസ്കത്തിനും കണ്ണൂരിനും ഇടയിലുള്ള ഇൻഡിഗോ സർവീസുകളും പൂർണമായും ഒഴിവാക്കിയിരുന്നു.
ഒമാൻ പ്രവാസികൾക്ക് കണ്ണൂരിലേക്ക് നേരിട്ട് പറക്കാൻ എയർ ഇന്ത്യ എക്സ്പ്രസ് മാത്രമാകുന്നതും സർവീസുകൾ കുറയുന്നതും ഉത്തര മലബാറിൽ നിന്നുള്ള പ്രവാസികൾക്ക് വീണ്ടും യാത്രാ ദുരിതം സമ്മാനിക്കും.
