ജമ്മു: നുണകള്‍ പറയുന്നതിന് പാകിസ്താന്‍ നൊബേല്‍ സമ്മാനം അര്‍ഹിക്കുന്നുവെന്ന് ജമ്മുകശ്മീര്‍ മുന്‍ ഡിജിപി എസ്.പി വായിദ്. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ് നടത്തിയ പ്രസംഗത്തിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
“നുണകള്‍ പറയുന്നതിന് ഒരു രാജ്യം നൊബേല്‍ അര്‍ഹിക്കുന്നുവെങ്കില്‍, അത് പാകിസ്താനാണ്. ഷഹബാസ് ഷരീഫോ തട്ടിപ്പുകാരനായ സൈനികമേധാവി അസിം മുനീറോ ആകട്ടെ, അവര്‍ നൊബേല്‍ അര്‍ഹിക്കുന്നു. അതും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മുന്‍പ്. ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെയും ബലൂചിസ്ഥാനിലെയും ജനങ്ങള്‍ക്കുമേലുള്ള ദുര്‍ഭരണം അവസാനിപ്പിക്കാനാണ് ഷഹ്ബാസ് ഷരീഫിനോട് പറയാനുള്ളത്. ഷഹ്ബാസ് ഷരീഫിന്റെയും അസിം മുനീറിന്റെയും നേതൃത്വത്തിലുള്ള പാകിസ്താന്‍ സൈന്യവും ഗവണ്‍മെന്റുമാണ് സ്വന്തം പൗരന്മാര്‍ക്ക് നേരെ ബോംബ് വര്‍ഷിക്കുന്നത്”, വായിദ് പറഞ്ഞു.
അതേസമയം, ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് നടത്തിയ പ്രസംഗത്തിനെതിരേ ഇന്ത്യ രംഗത്തെത്തിയിരുന്നു. തീവ്രവാദത്തെ മഹത്വവത്കരിക്കുകയും വസ്തുതകളെ വളച്ചൊടിക്കുകയുമാണ് പാകിസ്താന്‍ ചെയ്യുന്നതെന്ന് ഇന്ത്യന്‍ നയതന്ത്രജ്ഞയും യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം മിഷനിലെ ഫസ്റ്റ് സെക്രട്ടറിയുമായ പെറ്റല്‍ ഗഹ്ലോത്ത് അഭിപ്രായപ്പെട്ടു. പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ചും പരാമര്‍ശമുണ്ടായി. മേയ് ഒന്‍പത് വരെ ഇന്ത്യയെ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്ന പാകിസ്താന്‍ പോരാട്ടം അവസാനിപ്പിക്കാന്‍ മേയ് പത്തിന് അഭ്യര്‍ഥിക്കുകയായിരുന്നെന്നും പെറ്റല്‍ ഗഹ്ലോത്ത് കൂട്ടിച്ചേര്‍ത്തു.
