കണ്ണൂർ: ജയില്‍ച്ചാട്ടത്തിന് തടവുകാരുടെയോ ജയില്‍ ജീവനക്കാരുടെയോ സഹായം ലഭിച്ചിട്ടില്ലെന്ന് ആവർത്തിച്ച് ഗോവിന്ദച്ചാമി. കണ്ണൂർ ക്രൈംബ്രാഞ്ച് സംഘം വിയ്യൂർ സെൻട്രല്‍ ജയിലിലെത്തി ഗോവിന്ദച്ചാമിയെ ചോദ്യം ചെയ്തപ്പോഴായിരുന്നു ഈ മറുപടി. ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടവുമായി ബന്ധപ്പെട്ട് അന്വേഷണം കണ്ണൂർ സിറ്റി പോലീസില്‍നിന്ന് കഴിഞ്ഞ ഒന്നാം തീയതിയാണ് ക്രൈംബ്രാഞ്ച് എസ്‌പി പി.ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം ഏറ്റെടുത്തത്.
ഇതേത്തുടർന്നാണ് ഗോവിന്ദച്ചാമിയെ വിശദമായി ചോദ്യം ചെയ്യാൻ വിയ്യൂരില്‍ അതിസുരക്ഷാ ജയിലിലെത്തിയത്. ജയിലില്‍ നല്ല ഭക്ഷണം ലഭിക്കുന്നില്ല, ജയില്‍ ചാടിയശേഷം തമിഴ്നാട്ടിലേക്ക് രക്ഷപ്പെടാനാണ് തീരുമാനിച്ചത്, വർഷങ്ങളായുള്ള പദ്ധതിയാണ് ജയില്‍ ചാടാനുള്ള തീരുമാനം തുടങ്ങി നേരത്തേ അന്വേഷണ സംഘത്തോട് പറഞ്ഞ കാര്യങ്ങള്‍ ഗോവിന്ദച്ചാമി ആവർത്തിച്ചു.
എന്നാല്‍ ഗോവിന്ദച്ചാമി പറഞ്ഞ കാര്യങ്ങള്‍ മുഴുവനും പോലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല. പല കാര്യങ്ങളിലും വ്യക്തത വരുത്തേണ്ടതുണ്ട്. അതിനായി കൂടുതല്‍ അന്വേഷണം ആവശ്യമാണ്.
കണ്ണൂർ സെൻട്രല്‍ ജയിയിലെ തടവുകാരെയും ജീവനക്കാരെയും വരുംദിവസങ്ങളില്‍ ചോദ്യം ചെയ്യും. ജയില്‍ചാട്ടത്തിന്റെ രീതികളും തടവറയുടെ അഴിമുറിക്കാൻ ഉപയോഗിച്ച ആയുധത്തെക്കുറിച്ചും ദുരൂഹത തുടരുകയാണ്.
