ന്യൂഡൽഹി: ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിൻ്റെ (ബിഎസ്എൻഎൽ) 4-ജി സേവനങ്ങൾ ഇന്ന് മുതൽ രാജ്യവ്യാപകമായി ലഭ്യമാകും. പുതിയ 4ജി ടവറുകളുടെ ഉദ്ഘാടനം ഒഡിഷയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും. പൂർണ്ണമായും തദ്ദേശീയമായ സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള സ്വദേശി 4G നെറ്റ്‌വർക്കെന്നാണ് വിശേഷണം.

രാജ്യത്തെ ഗ്രാമപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും അതിവേഗ 4ജി കണക്റ്റിവിറ്റി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. രാജ്യത്തുടനീളം 97,500 കേന്ദ്രങ്ങളിലാണ് 4ജി ടവറുകൾ സ്ഥാപിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ആന്ധ്രാപ്രദേശിൽ മാത്രം 5,985 ടവറുകൾ കമ്മീഷൻ ചെയ്യുന്നുണ്ട്.

ഏകദേശം 37,000 കോടി രൂപ ചെലവഴിച്ചാണ് ഈ ടവറുകൾ സ്ഥാപിച്ചതെന്നാണ് വിവരം. സോഫ്റ്റ്വെയർ അധിഷ്ഠിതമായാണ് പ്രവര്‍ത്തനമെന്നും 5-ജിയിലേക്ക് വളരെവേഗം മാറാൻ സാധിക്കുമെന്നും കേന്ദ്ര ടെലികോംമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. ഫൈവ് ജി സ്പെക്ട്രം ലഭിച്ചാലുടന്‍ ഫൈവ് ജിയിലേക്ക് അനായാസം അപ്‌ഗ്രേഡ് ചെയ്യാം. അതിനായി ഉപകരണങ്ങള്‍ മാറേണ്ടതില്ല. നാലുവര്‍ഷത്തിലേറെയായി ബിഎസ്എൻഎൽ ഫോര്‍ ജി സേവനം സേവനം ഉപയോഗിക്കാവുന്ന സിം കാര്‍ഡുകളാണ് നല്‍കിയിരുന്നതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.