ഷ്യാകപ്പ് സൂപ്പർ ഫോറിൽ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും. സൂപ്പർ ഫോറിലെ തന്നെ അവസാന മത്സരമാണ്. ഇതിനകം തന്നെ ഇന്ത്യയും പാകിസ്താനും ടൂർണമെന്റിന്റെ ഫൈനൽ ഉറപ്പിച്ചതിനാൽ ഇന്നത്തെ മത്സരം അപ്രധാനമാണ്.

ഏഷ്യ കപ്പിൽ തോൽവി അറിയാത്ത ഒരു ക്യാമ്പയിൻ ആണ് ഇന്ത്യയുടെ ലക്ഷ്യമെങ്കിൽ സൂപ്പർ ഫോറിൽ ഒരു ജയമെങ്കിലും സ്വന്തമാക്കി മാനം കാക്കാനാവും ശ്രീലങ്കയുടെ ശ്രമം.

ബംഗ്ലാദേശിനെതിരായ കഴിഞ്ഞ മത്സരത്തില്‍ ബാറ്റിംഗിന് ഇറക്കാതിരുന്നതിന്‍റെ പേരില്‍ വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തില്‍ സഞ്ജു സാംസണ് ബാറ്റിംഗിൽ സ്ഥാനക്കയറ്റം ലഭിക്കുമോയെന്നാണ് ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. ബംഗ്ലാദേശിനെതിരെ 6 വിക്കറ്റ് നഷ്ടമായിട്ടും ഡഗ് ഔട്ടിലിരിക്കേണ്ടി വന്നിരുന്നു സഞ്ജുവിന്. അതേ സമയം സഞ്ജുവിന് പകരം ക്രീസിലെത്തിയവർ അമ്പേ പരാജയമായിരുന്നു.

സഞ്ജുവിനെ ഇന്ന് വീണ്ടും വൺഡൗണിൽ ഇറക്കുമെന്നാണ് സൂചന. ഒമാനെതിരായ മത്സരത്തിൽ മൂന്നാമനായി ക്രീസിലെത്തിയ സഞ്ജു അര്‍ധ സെഞ്ച്വറി നേടി തിളങ്ങിയിരുന്നു. ഫൈനലിന് മുൻപുള്ള മത്സരത്തിൽ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന് വിശ്രമം നൽകാൻ തീരുമാനിച്ചാല്‍ സഞ്ജു ഓപ്പണിംഗിൽ തിരിച്ചെത്താനും സാധ്യതയുണ്ട്.