തിരുവനന്തപുരം : വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സ് പുരസ്കാരം സ്വീകരിക്കാൻ യുകെയിൽ പോയതിനു മേയർ ആര്യ രാജേന്ദ്രന് ചെലവായത് 2 ലക്ഷത്തോളം രൂപ. വിമാന ടിക്കറ്റിനായി 1.31 ലക്ഷം. വീസയ്ക്ക് 15,000 രൂപ. ഭക്ഷണം, താമസം ഉൾപ്പെടെയുള്ളവയ്ക്കാണ് ബാക്കി തുക ചെലവായത്. കുറഞ്ഞ നിരക്കുള്ള ത്രീ സ്റ്റാർ ഹോട്ടലിലായിരുന്നു മേയറുടെ താമസമെന്ന് അധികൃതർ അറിയിച്ചു. യാത്രയ്ക്കുള്ള പണം തനതു ഫണ്ടിൽനിന്ന് ചെലവഴിക്കാൻ കോർപറേഷന് സർക്കാർ അനുമതി നൽകിയിട്ടുണ്ട്.
സുസ്ഥിര നഗരവികസനം നടപ്പാക്കിയ രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ മേയർ എന്ന നിലയിലായിരുന്നു പുരസ്കാരം. കഴിഞ്ഞ ഓഗസ്റ്റ് 9 ന് പുത്തരിക്കണ്ടം മൈതാനത്ത് 6,000 കുട്ടികളെ പങ്കെടുപ്പിച്ച് നടത്തിയ സീഡ് ബോൾ നിർമാണവും ലണ്ടനിലെ വേൾഡ് ബുക്ക് ഓഫ് റിക്കോർഡ്സ് എന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനി അവാർഡിനായി പരിഗണിച്ചു.
