ദുബായ് : ബംഗ്ലദേശിനെ വീഴ്ത്തി ഏഷ്യാകപ്പ് ഫൈനലിൽ കടന്നതിനു പിന്നാലെ പാക്കിസ്ഥാൻ ‘സ്പെഷൽ’ ടീം എന്നു പ്രഖ്യാപിച്ച് ക്യാപ്റ്റൻ സൽമാൻ ആഗ. മത്സരശേഷം നടന്ന സമ്മാനദാനച്ചടങ്ങളിലാണ് പാക്കിസ്ഥാൻ ഒരു പ്രത്യേക ടീമാണെന്നും ഇന്ത്യയുൾപ്പെടെ ആരെയും തോൽപ്പിക്കാൻ കഴിവുള്ള ടീമാണെന്നും ക്യാപ്റ്റൻ പറഞ്ഞത്. ഏഷ്യാകപ്പ് സൂപ്പർ ഫോറിലെ നിർണായക മത്സരത്തിൽ ബംഗ്ലദേശിനെ 11 റൺസിന് മറികടന്നാണ് പാക്കിസ്ഥാൻ ഫൈനലിന് യോഗ്യത നേടിയത്. 28ന് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് ഫൈനൽ. ഏഷ്യാകപ്പിൽ ഇതാദ്യമായാണ് ഇന്ത്യയും പാക്കിസ്ഥാനും ഫൈനലിൽ നേർക്കുനേർ വരുന്നത്.

‘‘ഇത്തരം മത്സരങ്ങളിൽ വിജയിച്ചാൽ, ഞങ്ങൾ ഒരു പ്രത്യേക ടീമായിരിക്കണം. എല്ലാവരും നന്നായി കളിച്ചു. ബാറ്റിങ്ങിൽ ചില പുരോഗതി ആവശ്യമാണ്. ഞങ്ങൾ അതിനായി പ്രവർത്തിക്കും. വളരെ ആവേശത്തിലാണ്. എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങൾക്കറിയാം, ആരെയും തോൽപ്പിക്കാൻ തക്ക കഴിവുള്ള ഒരു ടീമാണ് ഞങ്ങൾ. ഞായറാഴ്ച അവരെ തോൽപ്പിക്കാനും ശ്രമിക്കും.’’– സൽമാൻ ആഗ പറഞ്ഞു.