വാഷിങ്ടണ്‍: വ്‌ളാഡിമിര്‍ പുടിനെ തടയാനായില്ലെങ്കില്‍ യുദ്ധം കൂടുതല്‍ ശക്തമായി മുന്നോട്ട് പോകുമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ വോളോഡിമിര്‍ സെലന്‍സ്‌കി. സഖ്യകക്ഷികള്‍ ഐക്യം പ്രകടിപ്പിക്കുകയും യുദ്ധത്തിനെതിരെയുള്ള നിലപാട് ശക്തമാക്കുകയും ചെയ്തില്ലെങ്കില്‍ കൂടുതല്‍ രാജ്യങ്ങള്‍ റഷ്യയുടെ ആക്രമണത്തിന് ഇരകളാകേണ്ടി വരുമെന്ന് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ സംസാരിക്കവേ സെലന്‍സ്‌കി പറഞ്ഞു.

സൈനിക സാങ്കേതികവിദ്യകള്‍ പുരോഗമിക്കുമ്പോള്‍ എല്ലാ രാജ്യങ്ങളും ആയുധ മത്സരഭീഷണിയിലാണ്. ആര് അതിജീവിക്കണമെന്ന് തീരുമാനിക്കുന്നത് ആയുധങ്ങളാണ്. എഐയില്‍ ആഗോള നിയമങ്ങള്‍ വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിലപാട് മാറ്റിയതിന് പിന്നാലെയാണ് സെലന്‍സ്‌കിയുടെ പരാമര്‍ശം. യുക്രെയ്‌ന് അവരുടെ മുഴുവന്‍ ഭൂമിയും തിരിച്ചുപിടിക്കാന്‍ സാധിക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു.

എന്നാല്‍, യുക്രെയ്‌ന് സുരക്ഷാ ഗ്യാരണ്ടി നല്‍കാന്‍ അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ വളരെ ദുര്‍ബലമാണെന്ന് സെലന്‍സ്‌കി പറഞ്ഞു. നാറ്റോയെ പരാമര്‍ശിച്ചുകൊണ്ട്, ദീര്‍ഘകാലമായി സൈനിക സഖ്യത്തിന്റെ ഭാഗമാകുന്നത് നിങ്ങള്‍ സുരക്ഷിതരാണെന്ന് അര്‍ത്ഥമാക്കുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മനുഷ്യ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ ആയുധ മത്സരത്തിലൂടെയാണ് നമ്മള്‍ ഇപ്പോള്‍ പൊയ്‌ക്കൊണ്ടിരിക്കുന്നത്. ആണവ യുദ്ധത്തിന് ശേഷിയുള്ള ഒരു ലളിതമായ ഡ്രോണ്‍ ആദ്യം ആരായിരിക്കും സൃഷ്ടിക്കുക എന്ന് ചിന്തിക്കുന്നതിനേക്കാള്‍ റഷ്യയെ നിലയ്ക്ക് നിര്‍ത്തുന്നത് വളരെ ചെലവ് കുറഞ്ഞ കാര്യമാണെന്ന് ചിന്തിക്കാമെന്നും സെലന്‍സ്‌കി വിമര്‍ശിച്ചു.