പാലക്കാട്: വിവാദങ്ങൾക്ക് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാട് എത്തി. 38 ദിവസങ്ങൾക്ക് ശേഷമാണ് എംഎൽഎ മണ്ഡലത്തിൽ എത്തുന്നത്. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റായിരുന്ന സേവിയറിന്റെ സഹോദരൻ മരിച്ചിരുന്നു. അവരെ കാണാനാണ് രാഹുല്‍ എത്തിയത്.
ഇന്ന് രാവിലെ 10.30ന് മാധ്യമങ്ങളെ കാണുമെന്ന് രാഹുല്‍ അറിയിച്ചിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോട് കൂടിയാണ് അടൂരിലുള്ള വീട്ടില്‍ നിന്ന് എംഎൽഎ പാലക്കാടേക്ക് തിരിച്ചത്. രാഹുല്‍ മണ്ഡലത്തിലെത്തിയാല്‍ പ്രതിഷേധമുണ്ടാകുമെന്ന സൂചന കണക്കിലെടുത്ത് എംഎല്‍എ ഓഫീസില്‍ കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേരത്തെ തന്നെ എംഎല്‍എ ഓഫീസിന് സമീപമെത്തിയിരുന്നു.
ആരോപണങ്ങൾക്ക് ശേഷം ഇതാദ്യമായാണ് രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എത്തുന്നത്. ആഗസ്റ്റ് 17 നാണ് പാലക്കാട് നിന്നും പോയത്. പിന്നാലെ കഴിഞ്ഞ മാസം 20 നാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണം ഉയർന്നുവന്നത്. അതിന് ശേഷം മണ്ഡലം സന്ദർശിച്ചിട്ടില്ല.
ആരോപണത്തെ തുടർന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവയ്ക്കുകയും കോൺഗ്രസ് പാർലമെന്ററി പാർട്ടിയിൽ നിന്നും പുറത്താക്കപ്പെടുകയും ചെയ്തു. നിയമസഭാ സമ്മേളനത്തിൽ ഒരു ദിവസം എത്തിയ ശേഷം സ്വദേശമായ അടൂരിലേക്ക് മടങ്ങിയിരുന്നു. ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ.
