തിരുവനന്തപുരം: തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ വിദ്യാർഥിക്ക് ദാരുണാന്ത്യം. കടയ്ക്കാവൂർ സ്വദേശിയും ജാൻപോൾ, പ്രവിന്ധ്യ ദമ്പതികളുടെ മകളുമായ സഖി (11) ആണ് മരിച്ചത്. പിതാവ് ഓടിച്ച ഓട്ടോറിക്ഷ മറിഞ്ഞ് സഖി വാഹനത്തിന്റെ അടിയിൽപ്പെടുകയായിരുന്നു.

കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നര മണിയോടെ കടയ്ക്കാവൂര്‍ മേല്‍പ്പാലത്തിന് മുകളില്‍ വൈകിട്ടായിരുന്നു അപകടം. സ്കൂളിലെ പി.റ്റി.എ മീറ്റിംഗ് കഴിഞ്ഞ് പിതാവ് ഓടിച്ച ഓട്ടോറിക്ഷയിൽ അമ്മയ്‌ക്കൊപ്പം തിരികെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. അപ്രതീക്ഷിതമായി തെരുവ് നായ കുറുകെ ചാടിയപ്പോൾ മറ്റൊരു സൈഡിലേക്ക് ഓട്ടോ വെട്ടിച്ചപ്പോഴാണ് നിയന്ത്രണം തെറ്റി വാഹനം മറിയുകയായിരുന്നു.

അപകടത്തിൽ സാരമായി പരിക്കേറ്റ കുട്ടിയെ എസ്.എ.ടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രക്ഷിതാക്കൾ പരിക്കേറ്റ് ചികിത്സയിലാണ്. കടയ്ക്കാവൂർ എസ്.എസ്.പി.ബി.എച്ച്.എസിലെ ആറാം ക്ലാസ് വിദ്യാർഥിനിയായിരുന്നു സഖി.