തിരുവനന്തപുരം: മണ്ണന്തല-മരുതൂരില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചു. അപകടത്തില്‍ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ഡ്രൈവര്‍മാരടക്കമുള്ള ചിലരുടെ നില ഗുരുതരമാണെന്നാണ് സൂചന. വട്ടപ്പാറ മരുതൂര്‍ പാലത്തിലാണ് അപകടമുണ്ടായത്. പുലര്‍ച്ചെയാണ് അപകടമുണ്ടായത്. തിരുവനന്തപുരത്ത് നിന്ന് പത്തനംതിട്ടയിലേക്ക് പുറപ്പെട്ട ബസും, എതിരെ വന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. 26 യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. അപകടത്തെ തുടര്‍ന്ന് ഗതാഗതക്കുരുക്കുണ്ടായി.
ഡ്രൈവര്‍മാരെ വാഹനങ്ങള്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അരമണിക്കൂര്‍ എടുത്താണ് ഡ്രൈവര്‍മാരെ പുറത്തെടുത്തത്. പരിക്കേറ്റവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. പ്രദേശത്തെ റോഡ് നിര്‍മ്മാണത്തില്‍ അപാകതയുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. അപകടകാരണം വ്യക്തമല്ല.
