കൊച്ചി: മുന്‍ മാനേജരെ മര്‍ദിച്ചെന്ന കേസില്‍ നടന്‍ ഉണ്ണി മുകുന്ദന് നോട്ടീസ്. നേരിട്ട് ഹാജരാകണമെന്ന് കാക്കനാട് മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശിച്ചു. ഒക്ടോബര്‍ 27ന് ഹാജരാകണമെന്നാണ് നിര്‍ദേശം. കേസില്‍ ഇന്‍ഫോ പാര്‍ക്ക് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതിനുശേഷമാണ് നടന്‍ ഉണ്ണി മുകുന്ദന്‍ നേരിട്ട് ഹാജരാകണമെന്ന് കാക്കനാട് മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
ഉണ്ണി മുകുന്ദന്‍ താമസിക്കുന്ന കാക്കനാട് ഡിഎല്‍എഫ് ഫ്‌ലാറ്റില്‍വച്ച് മാനേജര്‍ ബിപിന്‍ കുമാറിനെ മര്‍ദിച്ചെന്നാണ് പരാതി. മുഖത്തും തലയ്ക്കും നെഞ്ചത്തും മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്‌തെന്നാണ് പരാതി. എന്നാല്‍ മര്‍ദിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ഗൂഢാലോചനയുടെ ഭാഗമാണ് പരാതിയെന്നുമായിരുന്നു ഉണ്ണി മുകുന്ദന്റെ വാദം. മാനേജരെ ഉപദ്രവിച്ചിട്ടില്ല. തന്റെ പേര് ദുരുപയോഗം ചെയ്യുന്നതായി കണ്ടതോടെ പിരിച്ചുവിട്ടതെന്നുമാണ് ഉണ്ണി മുകുന്ദന്റെ ഇക്കാര്യത്തിലുള്ള പ്രതികരണം.
ഉണ്ണി മുകുന്ദൻ്റെ മുൻകൂർ ജാമ്യഹർജി ഈ മെയ് 31ന് എറണാകുളം ജില്ല കോടതി തീർപ്പാക്കിയിരുന്നു. ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചിരുന്നു. പൊലീസിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും അന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഹാജരാകാനായി സമൻസ് അയച്ചിരിക്കുന്നത്.
