കൊല്ലം: പുനലൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. കലയനാട് ചരുവിള വീട്ടിൽ ശാലിനിയാണ് ദാരുണമായി കൊല ചെയ്യപ്പെട്ടത്. സംഭവത്തിന് ശേഷം കൊലപാതക വിവരം ഇയാൾ ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. തുടർന്ന് പ്രതിയായ ഐസക് പുനലൂർ പോലീസിൽ കീഴടങ്ങുകയും ചെയ്തു. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് പിന്നിലെ കാരണം എന്നാണ് പ്രാഥമിക വിവരം.

നിരന്തരമായ ഭർത്താവിൻറെ ശല്യം കാരണം ശാലിനി അമ്മയോടൊപ്പമായിരുന്നു താമസം. ഒരു സ്കൂളിൽ ആയയായി ജോലി ചെയ്തുവരികയായിരുന്നു ഇവർ. രാവിലെ ജോലിക്ക് പോകാൻ തുടങ്ങുമ്പോഴാണ് ഭർത്താവി വീട്ടിലേക്ക് വരുകയും കൊലപ്പെടുത്തുകയും ചെയ്തത്. ഇരുവർക്കും രണ്ട് മക്കളുണ്ട്. സംഭവം നടക്കുന്ന സമയത്ത് ശാലിനിയുടെ കൂടെ മക്കളിൽ ഒരാൾ മാത്രമെ ഉണ്ടായിരുന്നുള്ളൂ. കുട്ടിയുടെ നിലവിളി കേട്ടാണ് പ്രദേശവാസികൾ ഓടിയെത്തിയത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പ്രതി ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞത്
‘’ഞാൻ എൻറെ ഭാര്യയെ കൊന്നു. അതിൻറെ കാരണം വീട്ടിൽ ഇരുന്ന സ്വർണം എടുത്ത് പണയം വെച്ചതും ഞാൻ പറയുന്നത് കേൾക്കാത്തതുമാണ്. എനിക്ക് രണ്ട് മക്കളുണ്ട്. ഒരാൾ ക്യാൻസർ രോഗിയാണ്. അവൾക്ക് ആഢംബര ജീവിതം നയിക്കണം. അതുകൊണ്ട് അവൾ അവളുടെ അമ്മയുടെ കൂടെയാണ് താമസിക്കുന്നത്. അനുസരണക്കേടോടെയാണ് പെരുമാറുന്നത്. ജോലിക്കായി പലയിടത്തായി മാറിമാറ പോകുന്നുണ്ട്. അതിൻറെ ആവശ്യം എൻറെ ഭാര്യക്കില്ല” എന്നാണ് പ്രതി ഫേസ് ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.