ബെംഗളൂരു: എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ കോക്ക്പിറ്റ് വാതില്‍ തുറക്കാന്‍ യാത്രക്കാരന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. ഇക്കണോമിക് ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. തിങ്കളാഴ്ച ബെംഗളൂരുവില്‍ നിന്ന് വാരണാസിയിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് സുരക്ഷാഭീഷണി നേരിട്ടത്. ഐഎക്‌സ്-1086 വിമാനത്തിലാണ് സംഭവം നടന്നത്. യാത്രക്കാരന്‍ കോക്ക്പിറ്റിന്റെ കൃത്യമായ പാസ്‌കോഡ് നല്‍കിയെന്നും ഇക്കോണമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഇത് എങ്ങനെ സംഭവിച്ചുവെന്ന് വ്യക്തമല്ല. വിമാനം ഹൈജാക്ക് ചെയ്യാനുള്ള ശ്രമമാണെന്ന് പൈലറ്റ് ഭയന്നു. തുടര്‍ന്ന് കോക്ക്പിറ്റിന്റെ വാതില്‍ തുറക്കാന്‍ ക്യാപ്റ്റന്‍ വിസമ്മതിച്ചു. കോക്ക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്റെ കൂടെ എട്ട് പേര്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. ലാന്‍ഡിങിന് പിന്നാലെ ഒമ്പതു പേരെയും സിഐഎസ്എഫിന് കൈമാറി. ഇവരെ ചോദ്യം ചെയ്തുവരികയാണെന്നാണ് വിവരം.

സംഭവത്തെക്കുറിച്ച് എയർ ഇന്ത്യ എക്സ്പ്രസ് ഇതുവരെ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടില്ല. ഇതുസംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും മണിക്കൂറുകളില്‍ ലഭ്യമായേക്കാം. സംഭവത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പെട്ടെന്നും, സുരക്ഷാ പ്രോട്ടോക്കോളുകളില്‍ ലംഘനമുണ്ടായിട്ടില്ലെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വക്താവ് വ്യക്തമാക്കി. സംഭവം അന്വേഷിച്ച് വരികയാണെന്നും വക്താവ് അറിയിച്ചു.