കൽപറ്റ – ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി എന്നിവർ വയനാട്ടിലെത്തി. രാവിലെ 10ന് കരിപ്പൂർ വിമാനത്താവളത്തിലിറങ്ങിയ ഇരുവരും ഹെലികോപ്റ്റർ മാർഗമാണ് വയനാട്ടിലെത്തിയത്. മണ്ഡല പര്യടനത്തിന് ഒരാഴ്ചയായി വയനാട്ടിലുള്ള പ്രിയങ്ക ഗാന്ധി, പടിഞ്ഞാറത്തറയിൽ ഹെലികോപ്റ്ററിൽ ഇറങ്ങിയ ഇരുവരെയും സ്വീകരിക്കാൻ എത്തിയിരുന്നു. ഇരുവർക്കും വെള്ളിയാഴ്ച പൊതുപരിപാടികളൊന്നും നിശ്ചയിച്ചിട്ടില്ല.

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ, ടി.സിദ്ദീഖ് എംഎൽഎ തുടങ്ങിയ നേതാക്കൾ സോണിയയെയും രാഹുലിനെയും ഷാൾ അണിയിച്ച് സ്വീകരിച്ചു. കെ.സി.വേണുഗോപാൽ എംപിയും സോണിയയ്ക്കും രാഹുലിനും ഒപ്പമുണ്ട്. സ്വകാര്യ സന്ദർശനത്തിനാണ് രാഹുലും സോണിയയും എത്തിയതെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കം സംബന്ധിച്ച് വയനാട്ടിൽ കെപിസിസി നേതൃത്വവുമായി കൂടിക്കാഴ്ച ഉണ്ടാകും. ഗ്രൂപ്പ് തർക്കങ്ങൾ നിലവിലുള്ള വയനാട്ടിൽ ആ വിഷയങ്ങളും ഈ കൂടിക്കാഴ്ചയിൽ ചർച്ചയായേക്കും. പ്രിയങ്ക ഗാന്ധിയുടെ പ്രചാരണത്തിനാണ് നേരത്തെ സോണിയ ഗാന്ധി വയനാട്ടിൽ എത്തിയത്.