തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് (Kerala Rain Alert). അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിൽ മഴ ശക്തമായേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അറിയിപ്പ്. എന്നാൽ ഇന്ന് ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പുകളൊന്നുമില്ല. ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശവുമുണ്ട്.
അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് പൊതുവെ മഴ കുറഞ്ഞു നിൽക്കുകയാണ്. പകൽ സമയങ്ങൾ ശക്തമായ ചൂടാണ് അനുഭവപ്പെടുന്നത്. ചില പ്രദേശങ്ങളിൽ ഇടവിട്ട് നേരിയ മഴ മാത്രമാണ് ലഭിക്കുന്നത്.
അതേസമയം, കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (19 വെള്ളി) മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാൽ തെക്ക് പടിഞ്ഞാറൻ അറബിക്കടൽ, മധ്യ പടിഞ്ഞാറൻ അറബിക്കടൽ, സൊമാലിയൻ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. അതിനാൽ പൊതുജനങ്ങൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഇന്നലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. എങ്കിലും പ്രദേശങ്ങളിൽ ശക്തമായ മഴ അനുഭവപ്പെട്ടില്ല.
