ബിസിസിഐയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ എത്തുന്നുവെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ കുറച്ചു ദിവസമായി പ്രചരിക്കുകയാണ്. ഇപ്പോഴിതാ റിപ്പോർട്ടുകൾക്ക് മറുപടിയുമായി താരത്തിന്റെ ടീം തന്നെ രം​ഗത്തെത്തിയിരിക്കുകയാണ്. ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് താന്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ നിഷേധിക്കുകയാണ് സച്ചിന്‍റെ മാനേജ്മെന്റ് ടീം. കിംവദന്തികള്‍ പൂര്‍ണമായും തള്ളിയ ടീം ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിലെ ഒരു സ്ഥാനവും ലക്ഷ്യമിടുന്നില്ലെന്നും സ്ഥിരീകരിച്ചു.

ഈ മാസം 28നാണ് പുതിയ ബിസിസിഐയുടെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ്. കാലാവധി പൂര്‍ത്തിയാക്കിയ ശേഷം റോജര്‍ ബിന്നി ബിസിസിഐയുടെ തലപ്പത്തുനിന്ന് പടിയിറങ്ങിയിരുന്നു. നിലവില്‍ രാജീവ് ശുക്ലയാണ് ബിസിസിഐ ആക്ടിങ് പ്രസിഡൻ‌റ്. അതിനിടെയാണ് മുന്‍ താരവും ഇതിഹാസവുമായ വ്യക്തി അധ്യക്ഷ സ്ഥാനത്തെത്തുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. ഇതോടെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്നായിരുന്നു കൂടുതലും പ്രചരിച്ചിരുന്നത്.