കാഠ്മണ്ഡു: സാമൂഹികമാധ്യമ നിരോധനത്തിനെതിരേയും രാജ്യത്ത് പടർന്നുപിടിച്ച അഴിമതിക്കെതിരേയും യുവജനങ്ങള്‍ നടത്തുന്ന പ്രതിഷേധത്തില്‍ കലാപകലുഷിതമാണ് നേപ്പാള്‍. പൊതുജനരോഷത്തില്‍നിന്ന് രക്ഷപ്പെടാൻ മന്ത്രിമാരും കുടുംബാംഗങ്ങളും ബന്ധുക്കളും സൈനിക ഹെലികോപ്ടറുകളെ ആശ്രയിക്കുന്നു എന്ന് അവകാശപ്പെട്ടുള്ള നിരവധി വീഡിയോകളാണ് ഇതിനകം സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.
ആളുകള്‍ സൈനിക ഹെലികോപ്ടറുകളിലേക്ക് തൂങ്ങിക്കയറുന്നതിന്റെ ദൃശ്യങ്ങളാണ് ഇവയിലുള്ളത്. എന്നാല്‍ ദൃശ്യങ്ങളുടെ ആധികാരിതകയില്‍ സ്ഥിരീകരണമില്ല. യുവജനപ്രതിഷേധം അക്രമാസക്തമായതിന് പിന്നാലെ പ്രധാനമന്ത്രി കെ.പി. ശർമ ഓലി രാജി സമർപ്പിച്ചിരുന്നു. മന്ത്രിമാരും സർക്കാരിലെ ഉന്നതരും പ്രതിഷേധത്തിന്റെ ചൂടറിഞ്ഞുകഴിഞ്ഞു. അടുത്ത സർക്കാർ ചുമതലയേല്‍ക്കും വരെ പട്ടാളം നിയന്ത്രണവും ഏറ്റെടുത്തിരിക്കുകയാണ്.
