ഇന്ത്യ- യുഎസ് വ്യാപാര ചര്‍ച്ചകള്‍ വീണ്ടും അണിയറയിൽ ഒരുങ്ങുന്നു, 35,000 കോടിയുടെ ഇടപാട്, വാങ്ങുക 6 P-8I വിമാനങ്ങൾ. യുഎസില്‍നിന്ന് ആറ് പി-8ഐ പൊസിഡിയോണ്‍ നിരീക്ഷണ വിമാനങ്ങള്‍ വാങ്ങാനുള്ള കരാറിലേക്കുള്ള ചര്‍ച്ചകള്‍ പിരോഗമിക്കുകയാണ്. നിലവിലെ കണക്കുകള്‍ പ്രകാരം 400 കോടി ഡോളര്‍ ( ഏകദേശം 35,391 കോടി രൂപ) യുടെ പ്രതിരോധ ഇടപാടായിരിക്കും നടക്കാന്‍ പോകുന്നത്. യുഎസ് കമ്പനിയായ ബോയിങ് ആണ് പി-8ഐ വിമാനങ്ങള്‍ നിര്‍മിക്കുന്നത്.
താരിഫ്, റഷ്യന്‍ ക്രൂഡോയില്‍ തുടങ്ങിയ വിഷയങ്ങളില്‍ ഇന്ത്യ- യു.എസ് ബന്ധം വഷളായിരുന്ന സാഹചര്യത്തില്‍നിന്നു മെച്ചപ്പെടുന്ന പശ്ചാത്തലത്തിലാണ് യു.എസ് പ്രതിനിധികളുടെ ഇന്ത്യാസന്ദര്‍ശനം നടക്കാന്‍ പോകുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം മെച്ചപ്പെടുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
2019-ലാണ് ഇന്ത്യയ്ക്ക് പി-8ഐ നിരീക്ഷണ വിമാനങ്ങള്‍ വില്‍ക്കുന്നതിന് യുഎസ് അനുമതി നല്‍കിയത്. പിന്നീട് വിവിധ കാരണങ്ങളാല്‍ ചര്‍ച്ചകള്‍ വഴിമുട്ടിയിരുന്നു. 2009-ല്‍ ഇന്ത്യ എച്ച് പി-8ഐ വിമാനങ്ങള്‍ വാങ്ങിയിരുന്നു. തുടര്‍ന്ന് 10 വര്‍ഷങ്ങള്‍ക്ക് ശേഷം നാലെണ്ണം കൂടി യുഎസില്‍നിന്ന് വാങ്ങിയിരുന്നു. നിലവില്‍ ഈ നിരീക്ഷണ വിമാനങ്ങള്‍ തമിഴ്‌നാട് കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. സമുദ്ര നിരീക്ഷണത്തിനുള്ള വിമാനമാണ് പി-8ഐ. വിശാലമായ ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ സമഗ്രമായ നിരീക്ഷണത്തിന് വേണ്ടിയാണ് ഇന്ത്യ പി-8ഐ നിരീക്ഷണ വിമാനങ്ങള്‍ വാങ്ങിയത്.
ബോയിങ് 737 നെക്സ്റ്റ് ജനറേഷന്‍ യാത്രാവിമാനത്തെ അടിസ്ഥാനമാക്കി വികസിപ്പിച്ചെടുത്ത നിരീക്ഷണ വിമാനമാണ് പി-8ഐ പൊസിഡിയോണ്‍. അന്തര്‍വാഹിനി വിരുദ്ധ യുദ്ധം (ASW), ഉപരിതല യുദ്ധം (ASUW), രഹസ്യാന്വേഷണം, നിരീക്ഷണം (ISR) തുടങ്ങിയ ദൗത്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന വിമാനമാണ് പി-8ഐ. ഈ വിമാനത്തിന് സമുദ്രാന്തര്‍ഭാഗത്തിലുള്ള അന്തര്‍വാഹിനികളെ വളരെ ഉയരത്തില്‍നിന്ന് കണ്ടെത്താനാകും.
മുങ്ങിക്കപ്പലുകളെ കണ്ടെത്താനും ട്രാക്ക് ചെയ്യാനും ആക്രമിക്കാനും രൂപകല്‍പ്പന ചെയ്തതാണ് പി-8ഐ. വിമാനങ്ങള്‍. മാര്‍ക്ക് 54 ടോര്‍പ്പിഡോകള്‍, സ്റ്റിങ് റേ ടോര്‍പ്പിഡോകള്‍, നേവല്‍ മൈനുകള്‍, ഡെപ്ത് ചാര്‍ജുകള്‍, ഹൈ ആള്‍ട്ടിറ്റിയൂഡ് ആന്റി-സബ്മറൈന്‍ വാര്‍ഫെയര്‍ വെപ്പണ്‍ കപ്പബിലിറ്റി (HAAWC) സിസ്റ്റം എന്നിവ ഉള്‍പ്പെടെ വിവിധ ആയുധങ്ങള്‍ക്കായി 11 ഹാര്‍ഡ്‌പോയിന്റുകളാണ് വിമാനത്തിനുള്ളത്. 30,000 അടി (9,100 മീറ്റര്‍) ഉയരത്തില്‍നിന്ന് അന്തര്‍വാഹിനികള്‍ക്കെതിരെ ടോര്‍പ്പിഡോകള്‍ വിക്ഷേപിക്കാനുള്ള ശേഷി ഈ വിമാനത്തിനുണ്ട്.
