തൃശൂർ: കുന്നംകുളം പോലീസ് സ്റ്റേഷനിൽ വച്ച് യൂത്ത് കോൺ​ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ ക്രൂരമായി മർദിച്ച ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ പോലീസിനെതിരെ വ്യാപക പരാതിയാണ് ഉയരുന്നത്. പോലീസ് മർദനങ്ങളിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കാൻ ഒരുങ്ങിയിരിക്കുകയാണ് യൂത്ത് കോൺഗ്രസ്.

അതേസമയം കഴിഞ്ഞ ദിവസം തൃശൂർ പീച്ചിയിലെ സ്റ്റേഷൻ മർദ്ദനത്തിലും ഇന്ന് നടപടിയുണ്ടാകും. വകുപ്പുതല അന്വേഷണം നടത്തുന്ന ദക്ഷിണമേഖല ഐജി ശ്യാം സുന്ദർ ഇന്ന് അന്വേഷണ റിപ്പോർട്ട് പരിശോധിച്ച് നടപടിയെടുക്കും. സംഭവ സമയത്ത് എസ് ഐയായിരുന്ന പി എം തീഷിനെ പ്രാഥമികമായി സസ്പൻഡ് ചെയ്യാനാണ് ആലോചന. രതീഷിനെതിരായ അന്വേഷണ റിപ്പോർട്ട് ദക്ഷിണ മേഖല ഐജിയുടെ ഓഫിസിൽ എട്ടുമാസമായി കുരുങ്ങിക്കിടക്കുകയാണ്. ഇത് പരിശോധിച്ച് ഉടൻ തീരുമാനം എടുക്കാനാണ് ഡിജിപിയുടെ നിർദ്ദേശം.

2023 മേയ് 24ന് തൃശൂർ പട്ടിക്കാട് ലാലീസ് ഹോട്ടൽ മാനേജരെയാണ് പീച്ചി എസ്‌ഐ ആയിരുന്ന പി എം രതീഷ് മർദിച്ചത്. ഹോട്ടൽ മാനേജർ കെ പി ഔസേപ്പിനേയും മകനെയുമാണ് എസ് ഐ മർദിച്ചത്. ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ ആൾ നൽകിയ വ്യാജ പരാതിക്ക് പിന്നാലെയായിരുന്നു മർദനം. സംഭവത്തിൽ പരാതി നൽകാനായി പോലീസ് സ്റ്റേഷനിൽ എത്തിയതായിരുന്നു ഔസേപ്പും ഡ്രൈവറും. ഇവിടെ എത്തിയ ഇവരെ ചുമരുചാരി നിർത്തി മര്‍ദിക്കുകയായിരുന്നു. എസ്ഐ ഫ്‌ളാസ്‌ക് കൊണ്ട് തല്ലാൻ ശ്രമിച്ചെന്നും ശേഷം മുഖത്ത് അടിച്ചു. ഇത് ചോദിക്കാൻ ചെന്ന ഔസേപ്പിന്റെ മകനേയും ലോക്കപ്പിലിട്ടുവെന്നും പരാതിയിൽ പറയുന്നു.

ഇതിനു പിന്നാലെ സംസ്ഥാന വിവരാവകാശ നിയമപ്രകാരം മര്‍ദനദൃശ്യത്തിനുവേണ്ടി അപേക്ഷ നൽകിയെങ്കിലും പോലീസ് തള്ളുകയായിരുന്നു. ഒടുവില്‍ മനുഷ്യാവകാശകമ്മിഷന്‍ ഇടപെട്ടതിനുശേഷമാണ് ദൃശ്യങ്ങള്‍ നല്‍കാന്‍ പോലീസ് തയ്യാറായത്.