ലക്‌നൗ: തുടർച്ചയായി ബലാത്സംഗത്തിന് വിധേയായ 11 കാരി മാസം തികയാതെ പ്രസവിച്ച കുഞ്ഞ് മരിച്ചു. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം. ഗർഭം ധരിച്ച് ഏഴ് മാസം കഴിഞ്ഞപ്പോൾ കുഞ്ഞ് ജനിച്ചു, അര മണിക്കൂറിനുശേഷം കുഞ്ഞ് മരണപ്പെടുകയായിരുന്നു. സംഭവത്തിൽ പ്രതിയായ രണ്ട് കുട്ടികളുടെ പിതാവായ റാഷിദിനെ(31) പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തു.

പ്രതി പെൺകുട്ടിയെ ആവർത്തിച്ച് ബലാത്സംഗം ചെയ്യുകയും ലൈംഗിക ബന്ധം തുടരാൻ ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി കുഞ്ഞിൻ്റെ ഡിഎന്‍എ ശേഖരിച്ചിട്ടുണ്ട്. ആറ് മാസങ്ങള്‍ക്ക് മുമ്പ് പഴം തരാമെന്ന് പറഞ്ഞ് കുട്ടിയെ കബളിപ്പിച്ച് റാഷിദ് തന്റെ വീട്ടിലേക്ക് കൊണ്ടുപോകുകയും പിന്നാലെ പീഡിപ്പിക്കുകയുമായിരുന്നുവെന്നാണ് കുട്ടിയുടെ മൂത്ത സഹോദരനെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. പീഡനവിവരം ആരോടെങ്കിലും പറഞ്ഞാല്‍ കുടുംബത്തെ കൊല്ലുമെന്ന് റാഷിദ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. കുട്ടിയെ ഭീഷണിപ്പെടുത്താന്‍ പീഡിപ്പിക്കുന്ന വീഡിയോയും ഇയാള്‍ പകര്‍ത്തിയിരുന്നു.

വ്യാഴാഴ്ചയാണ് പെൺകുട്ടിക്ക് തുടർച്ചയായി വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ ഗർഭിണിയാണെന്ന് കണ്ടെത്തിയത്. തുടർന്ന് സർക്കാർ ആശുപത്രിയിൽ അൾട്രാസൗണ്ട് പരിശോധനയ്ക്ക് വിധേയയാക്കി. പരിശോധനയിൽ പെൺകുട്ടി ഏഴ് മാസം ഗർഭിണിയാണെന്ന് കണ്ടെത്തി. പിന്നാലെ കുട്ടിയെ ജില്ലാ വനിതാ ആശുപത്രിയിലെത്തിച്ചതും കുട്ടി പ്രസവിക്കുകയായിരുന്നു. ഉടന്‍ കുഞ്ഞ് മരിക്കുകയായിരുന്നു.