മലപ്പുറം: നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് യുവാവ് മരിച്ചു. വിളയിൽ എടക്കാട്ട് റോഡ് തിരുവാചോല ഗോപിയുടെ മകൻ അക്ഷയ് (23) ആണ് മരിച്ചത്. അപകടത്തിൽ കാറിലുണ്ടായിരുന്ന സുഹൃത്ത് നിഖിലിന് സാരമായി പരിക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെ മുണ്ടംപറമ്പ് പള്ളിപ്പടിയിലാണ് സംഭവം. ഓണാഘോഷത്തിന്റെ ഭാ​ഗമായി വ്യാഴാഴ്ച രാത്രി പത്ത് മണിക്ക് മുടി വെട്ടാൻ കാറെടുത്ത് പോയതായിരുന്നു അക്ഷയ്. ഇവിടെ നിന്ന് മറ്റ് നാല് സുഹൃത്തുക്കൊപ്പം കിഴിശ്ശേരിയിലെത്തി ഭക്ഷണം കഴിച്ച് മടങ്ങി. ശേഷം മൂന്നുപേരെ നാട്ടിൽ ഇറക്കിയശേഷം അക്ഷയും നിഖിലും വീണ്ടും കിഴിശ്ശേരിയിൽ പോയി തിരിച്ചുവരുമ്പോഴായിരുന്നു അപകടം.

നായ കാറിനു കുറുകെ ചാടിയപ്പോഴാണ് നിയന്ത്രണം നഷ്‌ടമായി മരത്തിൽ ഇടിച്ചത്. അക്ഷയ് ആണ് കാർ ഓടിച്ചിരുന്നത്. നിഖിൽ പിറകിലെ സീറ്റിലായിരുന്നു. അപകടത്തിൽ കാർ പൂർണമായും തകർന്നു. മഞ്ചേരിയിൽനിന്ന് അഗ്‌നിരക്ഷാസേന എത്തി കാർ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്ത് എടുത്തത്. തുടർന്ന് ഇരുവരെയും മഞ്ചേരി മെഡിക്കൾ കോളേജിൽ എത്തിച്ചെങ്കിലും അക്ഷയ് മരിച്ചു. നിഖിലിനെ പിന്നീട് കോഴിക്കോട്ടേക്കു മാറ്റുകയായിരുന്നു.