ന്യൂഡല്‍ഹി: അതീവ സുരക്ഷാ മേഖലയായ റെഡ്ഫോർട്ട് പരിസരത്ത് വൻ മോഷണം. സ്വർണവും രത്നങ്ങളും ഉള്‍പ്പെടെ ഒന്നര കോടി രൂപയുടെ വസ്തുക്കള്‍ കവർന്നു. പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. വിശദാന്വേഷണം നടത്തി വരികയാണ്.

റെഡ് ഫോർട്ടിന് സമീപത്തായി കഴിഞ്ഞ മാസം 28 മുതല്‍ സെപ്റ്റംബർ ഏഴ് വരെ മതപരമായ ചടങ്ങ് നടക്കുന്നുണ്ടായിരുന്നു. പ്രത്യേക ഒരുക്കങ്ങളോടെയായിരുന്നു പരിപാടി. ഈ പരിപാടിയില്‍ സുധീർ ജെയ്ൻ എന്ന വ്യവസായി കൊണ്ടുവെച്ച സ്വർണം, സ്വർണവും രത്നങ്ങളും പതിച്ച കലശം, അതിന് മുകളില്‍ ഉണ്ടായിരുന്ന സ്വർണ തേങ്ങ തുടങ്ങിയവയാണ് മോഷ്ടാവ് അപഹരിച്ചത്.

കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. മുൻകൂട്ടി തീരുമാനിച്ചത് പ്രകാരം പരിപാടിയില്‍ ലോക്സഭാ സ്പീക്കർ ഓം ബിർള പങ്കെടുക്കാനെത്തിയിരുന്നു. സ്പീക്കർ വന്നതിന് പിന്നാലെ ആളുകളുടെ ശ്രദ്ധ മുഴുവൻ മാറി. ഈ സമയത്ത് സ്റ്റേജിന് മുകളില്‍ വെച്ചിരിക്കുന്ന കലശം കാണാതാകുകയായിരുന്നു. പ്രതിയെക്കുറിച്ച്‌ വിവരം ലഭിച്ചിട്ടുണ്ടെന്നും ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്നും പോലീസ് പറഞ്ഞു.