ന്യൂഡല്‍ഹി: ഈ മാസം അവസാനം ന്യൂയോര്‍ക്കില്‍ നടക്കാനിരിക്കുന്ന ഐക്യരാഷ്ട്രസഭാ പൊതുസമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല. പകരം വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കര്‍ പങ്കെടുത്തേയ്ക്കും. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിയതിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യക്കുമേല്‍ പിഴ തീരുവ ചുമത്തിയതിനെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന താരിഫ് സംഘര്‍ഷത്തിനിടയിൽ ആണ് ഇത്തരത്തിൽ ഒരു തീരുമാനം.

ഐക്യരാഷ്ട്ര സഭാ വാര്‍ഷിക സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നവരുടെ താത്കാലിക പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇടംപിടിച്ചിരുന്നു. എന്നാല്‍ പുതുക്കിയ പട്ടിക പ്രകാരം ഇന്ത്യയെ ഒരു മന്ത്രി പ്രതിനിധീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

യുഎന്‍ പൊതുസഭയുടെ 80-ാം സമ്മേളനത്തിലെ ഉന്നതതല പൊതുചര്‍ച്ച സെപ്റ്റംബര്‍ 23 മുതല്‍ 29 വരെയാണ് നടക്കുക. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സെപ്റ്റംബര്‍ 23 നാണ് ലോക നേതാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കുക. രണ്ടാം തവണ യുഎസ് പ്രസിഡന്റായ ശേഷം യുഎന്‍ സമ്മേളനത്തില്‍ ട്രംപിന്റെ ആദ്യ പ്രസംഗമായിരിക്കുമിത്.