തിരുവനന്തപുരം: വെളിച്ചെണ്ണയിൽ സ്പെഷ്യൽ ഓഫറുമായി സപ്ലൈകോ. ഇന്നും നാളെയും സപ്ലൈകോയുടെ വിൽപ്പനശാലകളിൽ നിന്ന് 1500 രൂപയ്‌ക്കോ അതിൽ അധികമോ സബ്സിഡി ഇതര ഉത്പന്നങ്ങൾ വാങ്ങുന്നവർക്ക് ഒരു ലിറ്റർ വെളിച്ചെണ്ണ 50 രൂപ വിലക്കുറവിൽ കിട്ടും. ഒരു ലിറ്ററിന് 389 വിലയുള്ള വെളിച്ചെണ്ണയാണ് 339 രൂപയ്ക്ക് നൽകുന്നത്.

അതേസമയം സപ്ലൈകോയിൽ റെക്കോർഡ് വരുമാനമാണ് ഉണ്ടാകുന്നത്. തിങ്കളാഴ്ച വരെയുള്ള കണക്ക് അനുസരിച്ച് 319.3 കോടി രൂപയാണ് വിറ്റുവരവ് നേടിയത്. 457 രൂപ വിലയുള്ള കേരവെളിച്ചെണ്ണ 429 രൂപയായി കുറച്ചിരുന്നു. ശബരിയുടെ ഒരുലിറ്റർ സബ്‌സിഡി വെളിച്ചെണ്ണ 339 രൂപയായും സബ്സിഡിയിതര ശബരി വെളിച്ചെണ്ണ 389 രൂപയായും കുറച്ചിരുന്നു.

കണ്‍സ്യൂമര്‍ഫെഡ് വഴിയും 150 കോടി രൂപയുടെ റെക്കോഡ് വില്‍പ്പനയാണ് ഉണ്ടായത്. 1543 സഹകരണ സ്ഥാപനങ്ങളും കണ്‍സ്യൂമര്‍ഫെഡും നടത്തിയ ഓണം സഹകരണ വിപണികളിലൂടെയും ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകള്‍ വഴിയുമാണ് ഈ നേട്ടം സ്വന്ത്മാക്കിയത്.

അതേസമയം വെളിച്ചെണ്ണ വില ഉയരുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. ചെറുകിട മില്ലുകളിൽ വെളിച്ചെണ്ണ വില വർധിക്കുന്നതാണ് ഇതിന്റെ പ്രധാന കാരണം. ലിറ്ററിന് 450 രൂപയാണ് നിലവിലെ ശരാശരി വില. 400 – 420 രൂപയിൽ നിന്നാണ് വെളിച്ചെണ്ണയുടെ ഇപ്പോഴത്തെ വർധനവ്. തേങ്ങ വിലയും 80 രൂപയായി ഉയർന്നിട്ടുണ്ട്.