കിഴക്കൻ അഫ്ഗാനിസ്ഥാനിൽ വാരാന്ത്യത്തിൽ ഉണ്ടായ വിനാശകരമായ ഭൂകമ്പത്തെത്തുടർന്ന് കാബൂളിലേക്ക് 21 ടൺ മാനുഷിക സഹായം എത്തിച്ചതായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. മരുന്നും ഭക്ഷണവും ഉൾപ്പെടെ 21 ടൺ ദുരിതാശ്വാസ സാമഗ്രഹികളാണ് ഇന്ത്യ അയച്ചത്. ഭൂകമ്പത്തിൽ 1,500 ൽ അധികം ആളുകൾ മരിക്കുകയും 3000 ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
പുതപ്പുകൾ, ടെന്റുകൾ, ശുചിത്വ കിറ്റുകൾ, ജലസംഭരണ ടാങ്കുകൾ, ജനറേറ്ററുകൾ, അടുക്കള പാത്രങ്ങൾ, പോർട്ടബിൾ വാട്ടർ പ്യൂരിഫയറുകൾ, സ്ലീപ്പിംഗ് ബാഗുകൾ, അവശ്യ മരുന്നുകൾ, വീൽചെയറുകൾ, ഹാൻഡ് സാനിറ്റൈസറുകൾ, ജലശുദ്ധീകരണ ടാബ്‌ലെറ്റുകൾ, ORS സൊല്യൂഷനുകൾ, മെഡിക്കൽ ഉപഭോഗവസ്തുക്കൾ എന്നിവയുൾപ്പെടെ 21 ടൺ ദുരിതാശ്വാസ വസ്തുക്കൾ ഇന്ന് എത്തിച്ചു’, ജയശങ്കർ പറഞ്ഞു.
റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അഫ്ഗാനിസ്ഥാനിൽ അനുഭവപ്പെട്ടത്. നംഗര്‍ഹാര്‍ പ്രവിശ്യയിലെ ജലാലാബാദിന് 27 കിലോമീറ്റര്‍ വടക്കുകിഴക്കായാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. എട്ട് കിലോമീറ്റര്‍ ആഴത്തില്‍ പ്രകമ്പനം അനുഭവപ്പെട്ടു. കുനാര്‍ പ്രവിശ്യയില്‍ വ്യാപക നാശനഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ട്. ഇപ്പോഴും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നാണ് വിവരം. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലും മണ്ണിനടിയിലും നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.
