ഗട്ക അഭ്യാസത്തിനുപയോഗിക്കുന്ന ‘ഖണ്ഡ’ ആയിരുന്നു ഗുർപ്രീതിന്റെ പക്കലുണ്ടായിരുന്നതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.
ലോസ് ഏഞ്ചല്‍സ്: നടുറോഡിൽ ആയോധനാഭ്യാസം നടത്തിയ സിഖ് യുവാവിനെ യുഎസ് പൊലീസ് വെടിവച്ച് കൊന്നു. 36കാരനായ ഗുർപ്രീത് സിങ്ങാണ് കൊല്ലപ്പെട്ടത്. ആയുധവുമായി സിഖ് വംശജരുടെ പരമ്പരാഗത ആയോധന കലയായ ‘ഗട്ക’ അഭ്യാസം നടുറോഡിൽ വെച്ച് നടത്തവേയാണ് ഗുർപ്രീതിനെ വെടിവെച്ചത്. കീഴടങ്ങാനുള്ള നിർദേശം അവഗണിച്ചതോടെ വെടിയുതിർക്കുകയായിരുന്നു.
ജൂലൈ പതിമൂന്നിനായിരുന്നു സംഭവം. റോഡിൽ ഗുർപ്രീത് സിങ് നീളമുള്ള വാൾ ഉപയോഗിച്ച് ഗട്ക അവതരിപ്പിക്കാൻ തുടങ്ങി. ഉച്ചത്തിൽ സംസാരിക്കുകയും ഭയപ്പെടുത്തുന്ന രീതിയിൽ വാൾ വീശുകയും സ്വയം പരിക്കേൽപ്പിക്കുകയും ചെയ്തു. കീഴടങ്ങാൻ ആവശ്യപ്പെട്ടിട്ടും അനുസരിക്കാതിരിക്കുകയും പൊലീസിനെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തതോടെയാണ് വെടിവെച്ചതെന്ന് ലോസ് ഏഞ്ചൽസ് പൊലീസ് പറഞ്ഞു. ഗട്ക അഭ്യാസത്തിനുപയോഗിക്കുന്ന ‘ഖണ്ഡ’ ആയിരുന്നു ഗുർപ്രീതിന്റെ പക്കലുണ്ടായിരുന്നത്.
ഒരു യുവാവ് വാളുമായി റോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതായും വാഹനങ്ങൾ തടഞ്ഞതായുമുള്ള വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. ഗുർപ്രീത് തന്റെ കാർ റോഡിന് നടുവിലായി നിർത്തിയിട്ടിരുന്നെന്നും ഇടയ്ക്ക് ഖണ്ഡ ഉപയോഗിച്ച് നാവു മുറിക്കാൻ ശ്രമിച്ചെന്നും പൊലീസ് പറഞ്ഞു. ഏറെ നേരം കീഴടങ്ങാൻ ആവശ്യപ്പെട്ടിട്ടും ഇയാൾ അഭ്യാസം തുടരുകയും ഒരു കുപ്പി വലിച്ചെറിയുകയും ചെയ്തു. കാറിൽ കയറി രക്ഷപ്പെടാൻ ശ്രമം നടത്തുന്നതിനിടെ പൊലീസ് വാഹനത്തിൽ വന്നിടിച്ചു. പൊലീസ് വാഹനം വളയാൻ ശ്രമം നടത്തിയതോടെ സിങ് ആയുധവുമായി പുറത്തിറങ്ങി. ഇതോടെ പോലീസ് വെടിയുതിർക്കുകയായിരുന്നു.
