ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതില്‍ പ്രസിഡന്റ് ഷി ജിന്‍പിങ് രഹസ്യ കത്തയച്ചതായി വിവരം. ജിന്‍പിങ് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് അയച്ച സ്വകാര്യ കത്തിലൂടെ ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് പറഞ്ഞതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനയുമായുള്ള വ്യാപാരയുദ്ധം ശക്തമാക്കിയ സാഹചര്യത്തിലായിരുന്നു ഇതെന്നാണ് വിവരം.
പേര് വെളിപ്പെടുത്താത്ത ഒരു ഇന്ത്യന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് തയാറാക്കിയ റിപ്പോര്‍ട്ട് എന്ന് അവകാശപ്പെട്ടുകൊണ്ടാണ് ബ്ലൂംബെര്‍ഗ് പുതിയ വിവരം പുറത്തുവിട്ടത്. ചൈനയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള ഇന്ത്യയുടെ സന്നദ്ധത പരീക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഷി ജിന്‍പിങ് കത്തെഴുതിയത്.
ചൈനയുടെ താത്പര്യങ്ങള്‍ക്ക് ദോഷം ചെയ്‌തേക്കാവുന്ന ഏതെങ്കിലും യുഎസ്-ഇന്ത്യ കരാറുകളെ കുറിച്ച് ജിന്‍പിങ് ആശങ്ക പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് മധ്യസ്ഥത വഹിച്ചത് താനാണെന്ന് ട്രംപ് അകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെ മോദി സര്‍ക്കാര്‍ ചൈനയെ ഗൗരവമായി എടുക്കാന്‍ തുടങ്ങിയെന്നും റിപ്പോര്‍ട്ടിലുണ്ട്.
ട്രംപിന്റെ തീരുവകളില്‍ നിരാശരായ ഇന്ത്യയും ചൈനയും 2020ലെ അതിര്‍ത്തി സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്താന്‍ തീരുമാനിച്ചു. ദീര്‍ഘകാലമായി തുടരുന്ന അതിര്‍ത്തി തര്‍ക്കങ്ങളില്‍ ചര്‍ച്ചകള്‍ നടത്താനും ആരംഭിച്ചതായി റിപ്പോര്‍ട്ട് പറയുന്നു.
ഇതേതുടര്‍ന്ന് ഇന്ത്യ-ചൈന ബന്ധത്തില്‍ പുരോഗതിയുണ്ടായിട്ടുണ്ട്, ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിലുള്ള നേരിട്ടുള്ള യാത്രാ വിമാന സര്‍വീസുകള്‍ ആഴ്ചകള്‍ക്കുള്ളില്‍ പുനരാരംഭിക്കും. ഇന്ത്യയിലേക്കുള്ള യൂറിയ കയറ്റുമതിയ്ക്കുള്ള നിയന്ത്രണങ്ങളില്‍ ചൈന ഇളവുകള്‍ വരുത്തി. ചൈനീസ് പൗരന്മാര്‍ക്ക് നല്‍കിയിരുന്ന സന്ദര്‍ശക വിസകള്‍ ഇന്ത്യ വീണ്ടും നല്‍കി തുടങ്ങുകയും ചെയ്തു.
