കോട്ടയം: ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ്ങിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ. എറണാകുളം ചിറ്റൂര്‍ മൂലമ്പള്ളി മാളിയേക്കല്‍ വീട്ടില്‍ ജെവിന്‍ ജേക്കബ് (33) ആണ് അറസ്റ്റിലായത്. ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിൽ വൻ ലാഭം ഉണ്ടാക്കി തരാമെന്ന് പറഞ്ഞ് ഇലക്കാട് സ്വദേശിയെ കബളിപ്പിച്ചാണ് പ്രതി 86 ലക്ഷം തട്ടിയെടുത്തത്. ഗഡുക്കളായി ലാഭ വിഹിതം നൽകാമെന്ന് പറഞ്ഞാണ് പണം തട്ടിയതെന്ന് പരാതിയിൽ പറയുന്നു.

2025 ജൂണ്‍ 10 മുതല്‍ ജൂലായ് 25 വരെയാണ് പണം തട്ടിയത്. വൈപ്പിന്‍ പനയ്ക്കപ്പാടം ഭാഗത്തുനിന്നാണ് ഇയാളെ സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരനായ യുവാവിനെ പ്രതി വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാക്കിയായിരുന്നു തട്ടിപ്പ്. തുടര്‍ന്ന്, പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെടുകയും ചെറിയ ലാഭം തിരിച്ചു നല്‍കുകയും ചെയ്തു.

പിന്നീട് വലിയ തുക നിക്ഷേപിച്ചാല്‍ കൂടുതല്‍ ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് 86 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. നിക്ഷേപിച്ച തുകയുടെ ലാഭവിഹിതം ഇവരുടെതന്നെ ഓണ്‍ലൈന്‍ വെര്‍ച്ച്വല്‍ അക്കൗണ്ടില്‍ കാണിക്കുകയും തുക പിന്‍വലിക്കാന്‍ 14 മുതല്‍ 21 ദിവസം വരെ സമയമെടുക്കുമെന്ന് വിശ്വസിപ്പിക്കുകയും ചെയ്തു. പറഞ്ഞസമയം കഴിഞ്ഞിട്ടും പണം ലഭിക്കാതെവന്നതോടെ സംശയം തോന്നിയ യുവാവ് പോലീസില്‍ പരാതിപ്പെടുകയായിരുന്നു.

സംസ്ഥാനത്തുടനീളം സഞ്ചരിച്ച് തട്ടിപ്പുകള്‍ നടത്തിവന്ന പ്രതിയെ 10 ദിവസമായി വിവിധ മൊബൈല്‍ നമ്പരുകള്‍ കേന്ദ്രീകരിച്ച് കോട്ടയം സൈബര്‍ സെല്‍ അന്വേഷിച്ചുവരികയായിരുന്നു. പ്രതിക്കെതിരെ പല സംസ്ഥാനങ്ങളിലായി സമാനമായ എട്ട് കേസുകള്‍ നിലവിലുണ്ടെങ്കിലും പിടിയിലാകുന്നത് ആദ്യമാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.