വാഷിങ്ടണ്‍: ഇന്ത്യയ്‌ക്കെതിരെ ഡൊണാള്‍ഡ് ട്രംപ് സ്വീകരിക്കുന്ന നടപടികളെ വിമര്‍ശിച്ച് അമേരിക്കന്‍ സാമ്പത്തിക വിദഗ്ധന്‍ റിച്ചാര്‍ഡ് വുള്‍ഫ്. ഇന്ത്യയ്‌ക്കെതിരെ ലോകത്തിലെ ഏറ്റവും ശക്തനായ വ്യക്തിയെ പോലെയാണ് അമേരിക്ക പെരുമാറുന്നതെന്നും അത് അവര്‍ സ്വയം വെടിവെയ്ക്കുന്നതിന് തുല്യമാണെന്നും വോള്‍ഫ്‌ പറഞ്ഞു.

ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ഇന്ത്യ ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ രാജ്യമാണ്. എന്ത് ചെയ്യണമെന്ന് ഇന്ത്യയോട് അമേരിക്ക പറയുന്നത് ആനയെ എലി മുഷ്ടി ചുരുട്ടി അടിക്കുന്നത് പോലെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

റഷ്യന്‍ എണ്ണ വാങ്ങിയതിന് ഇന്ത്യയെ ശിക്ഷിക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ശ്രമിച്ചതോടെ നിരവധി ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് ഇപ്പോള്‍ 50 ശതമാനമാണ് തീരുവ. ഇത് നിലവിലുള്ള തീരുവ ഇരട്ടിയാക്കി. സംഘര്‍ഷം അവസാനിപ്പിക്കാനുള്ള പ്രചാരണത്തിന്റെ ഭാഗമായി യുക്രെയ്‌നില്‍ യുദ്ധം നടത്തുന്നതിന് റഷ്യയുടെ പ്രധാന വരുമാന സ്രോതസായ എണ്ണ വാങ്ങിക്കരുതെന്നാണ് ട്രംപ് ഇന്ത്യയോട് പറഞ്ഞത്.

അമേരിക്ക ഇന്ത്യയുമായുള്ള വ്യാപാരം അവസാനിപ്പിച്ചാല്‍ ഇന്ത്യ തങ്ങളുടെ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതിന് മറ്റ് രാജ്യങ്ങള്‍ കണ്ടെത്തും. ഈ നീക്കം ബ്രിക്‌സ് രാജ്യങ്ങളെ ശക്തിപ്പെടുത്തുകയേ ഉള്ളൂ. റഷ്യ ഊര്‍ജം നല്‍കാന്‍ മറ്റൊരു സ്ഥലം കണ്ടെത്തിയത് പോലെ ഇന്ത്യ ഇനി അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യില്ല, മറിച്ച് ബ്രിക്‌സ് രാജ്യങ്ങളുമായി വ്യാപാരം നടത്തുമെന്നും റഷ്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വോള്‍ഫ്‌ പറഞ്ഞു.

ബ്രസീല്‍, റഷ്യ, ചൈന, ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഈജിപ്ത്, എത്യോപ്യ, ഇന്തോനേഷ്യ, ഇറാന്‍, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്നതാണ് ബ്രിക്‌സ്. പാശ്ചാത്യ സാമ്പത്തിക ആധിപത്യത്തെ ചെറുക്കുക എന്നതാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം. മാത്രമല്ല ഡോളറിന്റെ ആധിപത്യത്തെ വെല്ലുവിളിക്കുന്നതിനായി ബദല്‍ മാര്‍ഗം കണ്ടെത്താനുള്ള പര്യവേഷണവും നടത്തുന്നു.

ചൈന, ഇന്ത്യ, റഷ്യ എന്നീ ബ്രിക്‌സ് രാജ്യങ്ങളെ പരിശോധിക്കുകയാണെങ്കില്‍ അവരുടെ ഉത്പന്നങ്ങളില്‍ ലോകത്തിലെ ആകെ വിഹിതം 35 ശതമാനമാണ്. ജി7 രാജ്യങ്ങളുടേത് ഏകദേശം 28 ശതമാനമായി കുറഞ്ഞു. ട്രംപ് ചെയ്യുന്നത് ഹോട്ട്ഹൗസ് ഫാഷനാണ്. പാശ്ചാത്യ ലോകത്തിന് എക്കാലത്തെയും വലുതും കൂടുതല്‍ സംയോജിതവും വിജയകരവുമായ സാമ്പത്തിക ബദലായി ബ്രിക്‌സിനെ വികസിപ്പിക്കുകയാണെന്നും വോള്‍ഫ്‌ അഭിപ്രായപ്പെട്ടു.