വയനാട്: താമരശ്ശേരി ചുരത്തിൽ അപകടഭീഷണി തുടരുന്നു. ചുരത്തിലെ ഒമ്പതാം വളവിലെ വ്യൂ പോയിന്റിന് സമീപത്ത് നിന്ന് പാറക്കല്ലുകളും മണ്ണും നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും രാവിലെ അതേസ്ഥലത്ത് മണ്ണിടിയുകയായിരുന്നു.

ഇരുഭാഗത്തേക്കും വാഹനങ്ങൾ പോകുന്നതിനിടെയാണ് ചെറിയ പാറക്ഷണങ്ങൾ റോഡിലേക്ക് വീണത്. ഒരു വാഹനം കടന്നുപോയപ്പോഴായിരുന്നു കല്ലുകൾ നിലത്തേക്ക് പതിച്ചത്. ഇതോടെ ചുരത്തിൽ വീണ്ടും ഗതാഗതം നിരോധിച്ചിരിക്കുകയാണ്. ചുരത്തിൽ നേരിയ മഴ പെയ്യുന്നുണ്ട്. കോഴിക്കോട് ഭാഗത്തു നിന്നും വയനാട്ടിലേക്കുള്ള വാഹനങ്ങൾ താമരശ്ശേരി ചുങ്കത്ത് നിന്നും പൊലീസ് കുറ്റ്യാടി വഴിതിരിച്ചുവിടുകയാണ്. മലപ്പുറം ഭാഗത്തു നിന്നും വയനാട്ടിലേക്ക് പോകുന്നവർ നാടുകാണി ചുരം വഴി തിരിച്ചുവിടും

കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞു വീണ ഭാഗത്ത് വീണ്ടും ഇടിച്ചിൽ നടക്കുന്നതിനാൽ ചുരം വഴി ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നത് വരെ ഗതാഗതം പൂർണമായും നിരോധിച്ചതായി താമരശ്ശേരി ഡി വൈ എസ് പി സുഷീർ അറിയിച്ചു. അടിവാരത്തും, ലക്കിടിയിലും വാഹനങ്ങൾ തടയുമെന്നും ഡി വൈ എസ് പി അറിയിച്ചു.