സീനിയർ താരങ്ങള്‍ക്ക് അവസരം ഉറപ്പുവരുത്താൻ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’ ഇടപെടുമോ എന്ന ചോദ്യത്തിന് പ്രതികരണവുമായി പ്രസിഡന്റ് ശ്വേതാ മേനോൻ. സിനിമയില്‍ അഭിനേതാക്കളെ തീരുമാനിക്കുന്നത് സംവിധായകരാണെന്ന് ശ്വേതാ പറഞ്ഞു. നിർമാതാക്കള്‍ക്കോ അഭിനേതാക്കളുടെ സംഘടനയ്ക്കോ അതില്‍ ഇടപെടാൻ കഴിയില്ലെന്നും അവർ പറഞ്ഞു. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ നിർമാതാക്കളുടെ സംഘടന ആസ്ഥാനത്ത് കഴിഞ്ഞ ദിവസം നല്‍കിയ സ്വീകരണത്തില്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ശ്വേത.

‘സിനിമ തീരുമാനിക്കുന്നത് അമ്മയും നിർമാതാക്കളുടെ സംഘടനയുമല്ല, സംവിധായകരാണ്. അത് സംവിധായകരുടെ വീക്ഷണകോണിലാണ് സംഭവിക്കുന്നത്. നിർമാതാവിനോ അഭിനേതാക്കളുടെ സംഘടനയ്ക്കോ ഒന്നും ചെയ്യാൻ പറ്റില്ല. എനിക്ക് എത്രയോ സിനിമകളില്‍ അവസരം കിട്ടിയിട്ടില്ലല്ലോ, അതില്‍ എനിക്ക് സങ്കടം വേണോ? അത് സംവിധായകന്റെ തീരുമാനം ആണ്’- എന്നായിരുന്നു ശ്വേതയുടെ മറുപടി.

തുടർന്ന് വാർത്താസമ്മേളനത്തില്‍ ‘അമ്മ’യ്ക്കൊപ്പം ഷോ ചെയ്യണമെന്ന ആഗ്രഹം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സെക്രട്ടറി ലിസ്റ്റിൻ സ്റ്റീഫൻ പ്രകടിപ്പിച്ചു. നേരത്തയുണ്ടായിരുന്ന സഹകരണം തുടരുമെന്ന് ശ്വേത ഉറപ്പ് നല്‍കി.