തിരുവനന്തപുരം: ലൈംഗിക ചൂഷണ ആരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ കേസെടുത്തു. സ്ത്രീകളെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ചുമത്തി ക്രൈംബ്രാഞ്ചാണ് രാഹുലിനെതിരെ കേസെടുത്തിരിക്കുന്നത്. സംസ്ഥാന പോലീസ് മേധാവി കേസെടുക്കാൻ നിർദേശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
പുറത്ത് വന്ന സംഭാഷണങ്ങളില്‍ രാഹുല്‍ വധഭീഷണി അടക്കം മുഴക്കിയത് ഗൗരവമായ കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ പത്രസമ്മേളനത്തല്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് മേധാവി കേസെടുക്കാൻ നിർദേശം നല്‍കിയത്. ആരോപണങ്ങളും വെളിപ്പെടുത്തലുകളും രാഹുലിനെതിരെ ഉണ്ടായിരുന്നെങ്കിലും സ്ത്രീകള്‍ നേരിട്ട് പോലീസില്‍ ഇതുവരെ പരാതി നല്‍കിയിട്ടില്ല. അതുകൊണ്ട് തന്നെ കേസെടുക്കുന്നതില്‍ പോലീസ് നിയമോപദേശം തേടിയിരുന്നു.
നിർബന്ധിത ഗർഭച്ഛിദ്രം നടത്താൻ സമ്മർദംചെലുത്തിയെന്ന് ആരോപിച്ച് ക്രിമിനല്‍ കേസെടുത്ത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനായ ഷിന്റോ സെബാസ്റ്റ്യൻഎറണാകുളം സെൻട്രല്‍ പോലീസില്‍ പരാതിനല്‍കിയിരുന്നു. എന്നാല്‍, പരാതിയില്‍ പറയുന്ന യുവതി ആരെന്നോ എപ്പോള്‍, എവിടെവെച്ച് നടന്നുവെന്നോ തുടങ്ങിയ കാര്യങ്ങള്‍ പറയുന്നില്ലെന്നും അന്വേഷണം ആരംഭിച്ചിട്ടില്ലെന്നും പോലീസ് അറിയിച്ചിരുന്നു
