തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ കേസെടുക്കാൻ ആലോചന. യുവതികളെ ശല്യപ്പെടുത്തിയെന്ന കുറ്റത്തിനായിരിക്കും കേസെടുക്കുക. രാഹുലിനെതിരെ നിയമനടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. രാഹുലിനെതിരെ ലൈംഗികആരോപണങ്ങള്‍ ഉയർന്നിരുന്നുവെങ്കിലും ഇതുവരെയായിട്ടും ആരും പരാതി നല്‍കിയിരുന്നില്ല.

ഉന്നത പൊലീസുദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തിയതിനുശേഷമാണ് കേസെടുക്കുന്നത്. ഏത് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്യുകയെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസില്‍ രാഹുലുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ലഭിച്ചിരുന്നു. കൊച്ചിയിലും തിരുവനന്തപുരത്തും ഇത്തരത്തിലുളള പരാതികള്‍ വിവിധ സ്ത്രീകള്‍ ഉന്നയിച്ചിരുന്നു. ഇക്കാര്യത്തിലുള്‍പ്പെടെ നിയമോപദേശം തേടിയിരിക്കുകയാണ് ഉയർന്ന പൊലീസുദ്യോഗസ്ഥർ.

രാഹുലിന്റെ പുറത്തുവന്ന ഫോണ്‍ സംഭാഷണങ്ങളും വാട്സാപ്പ് ചാറ്റുകളും ഗൗരവപരമായ കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസ് മേധാവി കേസെടുക്കാന്‍ നിർദ്ദേശം നല്‍കിയെന്ന വിവരം പുറത്തുവരുന്നത്. നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം നടത്താന്‍ സമ്മർദ്ദം ചെലുത്തിയെന്ന് ആരോപിച്ച്‌ രാഹുലിനെതിരെ ക്രിമിനല്‍ കേസെടുത്ത് അന്വേഷിക്കണമെന്ന് പരാതി ലഭിച്ചിരുന്നു. ഹൈക്കോടതി അഭിഭാഷകനായ ഷിന്റോ സെബാസ്റ്റ്യനാണ് എറണാകുളം സെൻട്രല്‍ പൊലീസില്‍ പരാതി നല്‍കിയത്.