ന്യൂഡൽഹി∙ തീരുവതർക്കവും ഫോൺ കട്ട് ചെയ്യലും നടക്കുന്നതിനിടിയിൽ യുഎസ് കമ്പനിയുമായി നൂറു കോടി ഡോളറിന്റെ കരാർ ഒപ്പിടാൻ ഇന്ത്യ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. തേജസ് യുദ്ധവിമാനങ്ങളുടെ അത്യാധുനിക പതിപ്പായ എൽസിഎ മാർക്ക് 1എ വിഭാഗത്തിനുള്ള എൻജിനുകൾ വാങ്ങാനുള്ള കരാറിലാണ് ഇന്ത്യ ഒപ്പ് വയ്ക്കുക. തീരുവ തർക്കം ആരംഭിച്ചതിന് ശേഷം രണ്ടാം തവണയാണ് യുഎസ് കമ്പനിയുമായി ഇന്ത്യ പ്രതിരോധ കരാർ ഒപ്പിടുന്നത്.
ജിഇ-404 വിഭാഗത്തിൽപ്പെട്ട 113 എൻജിനുകളാണ് ഇന്ത്യ വാങ്ങുന്നത്. യുഎസ് കമ്പനിയായ ജിഇയുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും സെപ്റ്റംബറോടെ കരാർ ഒപ്പിടുമെന്നും വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
എൽസിഎ മാർക്ക് 1എ വിഭാഗത്തിൽപ്പെട്ട 97 യുദ്ധവിമാനങ്ങൾ കൂടി വാങ്ങുന്നതിന് വ്യോമസേന ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡുമായി (എച്ച്എഎൽ) 62,000 കോടി രൂപയുടെ കരാർ ഒപ്പുവെച്ചിരുന്നു. നേരത്തെ വ്യോമസേനയ്ക്കായി വാങ്ങുന്ന എൽസിഎ മാർക്ക് 1എ വിഭാഗത്തിൽപ്പെട്ട 83 യുദ്ധവിമാനങ്ങൾക്കായി 99 ജിഇ-404 എൻജിനുകൾ വാങ്ങാനും എച്ച്എഎല്ലും ജിഇയും തമ്മിൽ കരാറുണ്ട്.
ഇത്തരത്തിലുള്ള 113 എൻജിനുകൾ കൂടി വാങ്ങാനുള്ള കരാറിലാണ് ഇപ്പോൾ ഒപ്പുവെച്ചിട്ടുള്ളത്. ഇതോടെ ആകെ 202 ജിഇ-404 എൻജിനുകൾ ജിഇയിൽനിന്ന് എച്ച്എഎൽ വാങ്ങും. വ്യോമസേനയിൽ മിഗ്-21 വിമാനങ്ങളുടെ സേവനം ഘട്ടംഘട്ടമായി നിർത്തലാക്കുന്നതിന്റെ ഭാഗമായാണ് തേജസ് വിമാനങ്ങളെ ഇന്ത്യൻ വ്യോമസേന പ്രതിരോധ നിരയിൽ കൂടുതലായി വിന്യസിക്കാനൊരുങ്ങുന്നത്.
