ജമ്മു: ജമ്മു കശ്മീരിൽ മഴക്കെടുതിയിൽ മരണം 13 ആയി. തിങ്കളാഴ്‌ച മുതൽ ജമ്മു മേഖലയിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. നദികൾ കരകവിഞ്ഞ് ഒഴുകുന്നതും പല പ്രദേശങ്ങളിലും വെള്ളം കയറിയതും ഭീഷണി ഉയർത്തുകയാണ്. മഴയെ തുടർന്ന് ജമ്മു -ശ്രീനഗർ ദേശീയപാതയിൽ മണ്ണിടിച്ചിൽ ഉണ്ടാവുകയും പലയിടത്തും പാലം തകരുകയും ചെയ്തിട്ടുണ്ട്. പല വീടുകളും വെള്ളത്തിനടിയിലായി. അപകട സാധ്യതാ പ്രദേശങ്ങളിൽ നിന്ന് ആയിരക്കണക്കിന് ആളുകളെ മാറ്റി പാർപ്പിച്ചു.

ശക്തമായ മഴയെ തുടർന്ന് ട്രെയിൻ ഗതാഗതവും തടസ്സപെട്ടു. ജമ്മു, കൂത സ്‌റ്റേഷനുകളിൽ നിർത്തുകയും അവിടെ നിന്ന് പുറപ്പെടുകയും ചെയ്യുന്ന 22 ട്രെയിനുകൾ റദ്ദാക്കിയതായാണ് വിവരം. കിഷ്ത്വാർ, ദോഡ, രജൗരി ജില്ലകളിലെ ഉയർന്ന പ്രദേശങ്ങളിൽ മഴയിൽ വീടുകൾ തകർന്നിട്ടുണ്ട്. കിഷ്ത്വാറിലെ പദ്ദർ റോഡിൻ്റെ ഒരു ഭാഗം തന്നെ ഒലിച്ചുപോയതായാണ് റിപ്പോർട്ടുകൾ. റാംനഗർ-ഉധംപൂർ, ജംഗൽവാർ -തത്തി റോഡുകളിൽ ഉരുൾപൊട്ടൽ ഉണ്ടായതിനെ തുടർന്ന് ഗതാഗതം തടസ്സപെട്ടു. ചെനാബ് നദിയിലും ജലനിരപ്പ് സാംബയിലെ ബസന്തർ നദിയിലും രവി നദിയിലുമെല്ലാം ജലനിരപ്പ് ഉയർന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക്, റിയാസി ജില്ലയിലെ മാതാ വൈഷ്ണോദേവി ക്ഷേത്രത്തിലേക്കുള്ള വഴിയിൽ ഉരുൾപൊട്ടൽ ഉണ്ടായി. അപകടത്തിൽ ഒൻപത് പേരാണ് മരിച്ചത്. 21 പേർ പരിക്കേറ്റ് ചികിത്സയിലാണ്. ഈ പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. നിരവധി പേർ കുടുങ്ങി കിടക്കുന്നതായാണ് സംശയം. അധക്‌വാരിയിലെ ഇന്ദർപ്രസ്‌ഥ ഭോജനാലയത്തിനു സമീപമാണ് ഉരുൾപൊട്ടൽ ഉണ്ടായത്. ഉരുൾപൊട്ടൽ ഉണ്ടായ പശ്ചാത്തലത്തിൽ ക്ഷേത്രത്തിലേക്കുള്ള യാത്ര നിർത്തിവച്ചു.

സംസ്ഥാനത്ത് പല പ്രദേശങ്ങളിലും സ്ഥിതി ​ഗുരുതരമാണെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള വ്യക്തമാക്കി. അടിയന്തിര യോ​ഗം ചേർന്ന് സ്ഥിതി വിലയിരുത്തിയിട്ടുണ്ട്. ഫോൺ – ഇന്റർനെറ്റ് ബന്ധവും തകരാറിലായിട്ടുണ്ട്. അടുത്ത 24 മണിക്കൂർ കൂടി കനത്ത മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അതേസമയം, ഹിമാചൽ പ്രദേശിലും, ഉത്തരാഖണ്ഡിലും മഴ ആശങ്ക ഉയർത്തുകയാണ്. മണാലിയിൽ ദേശീയപാത തകർന്ന് ​ഗതാ​ഗതം നിലച്ചു.