തിരുവനന്തപുരം: തീവ്ര മസ്തിഷ്കജ്വരത്തിനു കാരണമാകുന്ന ‘നൈഗ്ലേരിയ ഫൗളരി’ എന്നയിനം അമീബ ബാധിച്ചാൽ മരണനിരക്ക് 90 ശതമാനത്തിൽ കൂടുതലാണെന്ന് ആരോഗ്യവകുപ്പ്. സംസ്ഥാനത്ത് അടുത്തകാലത്ത് മസ്തിഷ്കജ്വരം ബാധിച്ചു ഭേദമായവരിൽ ഭൂരിഭാഗം പേർക്കും ഒകെന്തമീബ, ബാലമുത്തിയ തുടങ്ങിയ അമീബ വകഭേദങ്ങളിൽ നിന്നാണ് രോഗം ബാധിച്ചത്.
സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ചുള്ള മരണനിരക്ക് 30 ശതമാനത്തിൽ താഴെയായത് തീവ്രത കുറഞ്ഞ വകഭേദം ബാധിച്ചുള്ള രോഗം കൂടിയതിനാലാണെന്നും ആരോഗ്യവകുപ്പ് പറയുന്നു. ക്ലോറിനേഷൻ നടത്തിയ വെള്ളത്തിലും അമീബ സാന്നിധ്യം ആരോഗ്യവകുപ്പ് കണ്ടെത്തി. 2016 മുതൽ 2023 വരെ അമീബിക് മസ്തിഷ്കജ്വരം ബാധിച്ചവരിൽ 100% മരണ നിരക്കാണ് കേരളത്തിൽ. കഴിഞ്ഞ 2 വർഷമായി വകഭേദം മാറിയതു മരണനിരക്ക് കുറച്ചു. അമീബ അണുബാധ കണ്ടെത്താമെങ്കിലും സ്ഥിരീകരിക്കാൻ തിരുവനന്തപുരം പബ്ലിക് ഹെൽത്ത് ലബോറട്ടറിയിൽ എത്തിക്കണം. കേരളത്തിൽ തന്നെ രോഗം സ്ഥിരീകരിക്കാൻ കഴിയുന്നതിനാലാണ് ചികിത്സ വേഗത്തിലാക്കാൻ കഴിയുന്നതിനു സഹായിക്കുന്നുണ്ട്. ശ്വസനത്തിലൂടെ പകരില്ല ∙ കേരളത്തിൽ ഇപ്പോൾ മസ്തിഷ്കജ്വരത്തിനു കാരണമായ ഒകെന്തമീബ വായുവിൽ ഉണ്ടെങ്കിലും വെള്ളത്തിലൂടെ മാത്രമേ തലച്ചോറിലെത്തൂ. തീരെ പ്രതിരോധശേഷി കുറഞ്ഞവരിൽ ശ്വസനത്തിലൂടെ അണുബാധയുണ്ടാകാനുള്ള സാധ്യത ആരോഗ്യവകുപ്പ് തള്ളിക്കളയുന്നില്ല.വെള്ളത്തിലെ അമീബ മൂക്കിനും തലച്ചോറിനും ഇടയിലെ എത്‌മോയ്ഡ് അസ്ഥിയുടെ ഭാഗമായ ക്രിബ്രിഫോം പ്ലേറ്റിലൂടെയാണ് തലച്ചോറിലെത്തുക. ഈ ഭാഗത്തു മുറിവോ വിടവുകളോ ഉള്ളവരിൽ വളരെ വേഗം അമീബ പ്രവേശിക്കും. മസ്തിഷ്കജ്വരം: അടിയന്തര ശുചീകരണം നടത്തും തിരുവനന്തപുരം∙ മസ്തിഷ്കജ്വരം വ്യാപിക്കുന്നതിനാൽ അടിയന്തര ശുചീകരണം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം. വൃത്തിയില്ലാത്ത കുളങ്ങളിലും തോടുകളിലും കുളിക്കുന്നവർക്ക് മാത്രമല്ല വീട്ടിലെ കിണർ ജലം ഉപയോഗിച്ചവർക്കും രോഗം ബാധിച്ചതായി റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ടാങ്കുകൾ വർഷങ്ങളോളം വൃത്തിയാക്കാതിരിക്കുന്നതും അമീബ വളരാൻ ഇടയാക്കുന്നു. ഈ മാസം 30, 31 തീയതികളിൽ വീടുകളിലെയും സ്ഥാപനങ്ങളിലെയും കിണറുകൾ ക്ലോറിനേറ്റ് ചെയ്യും. ടാങ്കുകൾ വൃത്തിയാക്കും. സെപ്റ്റംബർ 12 മുതൽ 30 വരെ സ്കൂൾ ജല ലാബുകൾ കേന്ദ്രീകരിച്ച് ജല പരിശോധനയും അതിന്റെ ഫലം അടിസ്ഥാനമാക്കി പരിഹാര, ബോധവൽക്കരണ പ്രവർത്തനങ്ങളും നടത്തും. സെപ്റ്റംബർ 8 മുതൽ 30 വരെ സ്കൂളുകൾ വഴി ബോധവൽക്കരണ ക്യാംപെയ്ൻ. സെപ്റ്റംബർ 20 മുതൽ നവംബർ 1 വരെ ജനങ്ങൾ ഉപയോഗിക്കുന്ന മുഴുവൻ കുളങ്ങളും ജലസ്രോതസ്സുകളും വൃത്തിയാക്കും.
