ആലപ്പുഴ: ആലപ്പുഴ-ധൻബാദ് എക്സ്പ്രസിന്റെ പാൻട്രി കാറിൽനിന്ന് പുക ഉയർന്നത് യാത്രക്കാർക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ചു. തിങ്കളാഴ്ച രാവിലെ 6 മണിയോടെ ട്രെയിൻ ആലപ്പുഴ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് സംഭവം.
ട്രെയിനിന്റെ പിൻഭാഗത്തെ പാൻട്രി കാറിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ലോക്കോ പൈലറ്റ് ഉടൻ തന്നെ ട്രെയിൻ നിർത്തി. യാത്രക്കാരും റെയിൽവേ ഉദ്യോഗസ്ഥരും പുകയുടെ ഉറവിടം കണ്ടെത്താൻ ശ്രമിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ബ്രേക്ക് ബൈൻഡിംഗാണ് പുക ഉയരാൻ കാരണമെന്ന് കണ്ടെത്തിയത്. ബ്രേക്ക് പൂർണ്ണമായി റിലീസ് ആവാത്തതിനാൽ ചക്രവും ബ്രേക്ക് പാഡും തമ്മിലുണ്ടായ ഘർഷണമാണ് പുകയ്ക്ക് കാരണമായത്.
തകരാർ വേഗത്തിൽ പരിഹരിച്ച ശേഷം, രാവിലെ 6:40-ഓടെ ട്രെയിൻ യാത്ര പുനഃരാരംഭിച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തെ തുടർന്ന് 40 മിനിറ്റോളം യാത്ര വൈകി.
അന്തമാൻ എക്‌സ്പ്രസ് എന്നും അറിയപ്പെടുന്ന ആലപ്പുഴ-ധൻബാദ് എക്സ്പ്രസ് ഇന്ത്യൻ റെയിൽവേയുടെ ഒരു പ്രധാന പ്രതിവാര എക്‌സ്പ്രസ് ട്രെയിനാണ്. ആലപ്പുഴയിൽ നിന്ന് ആരംഭിച്ച് ജാർഖണ്ഡിലെ ധൻബാദിൽ അവസാനിക്കുന്ന ഈ ട്രെയിൻ പ്രധാനമായും ദക്ഷിണേന്ത്യയെ കിഴക്കൻ ഇന്ത്യയുമായി ബന്ധിപ്പിക്കുന്നു.ഏകദേശം 2,347 കിലോമീറ്റർ ദൂരമാണ് ഈ ട്രെയിൻ സഞ്ചരിക്കുന്നത്.
കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാൾ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലായി 53 സ്റ്റോപ്പുകളുണ്ട്. പാലക്കാട്, കോയമ്പത്തൂർ, ഈറോഡ്, ചെന്നൈ, വിജയവാഡ, വിശാഖപട്ടണം, ഭുവനേശ്വർ, ഖരഗ്പൂർ, അസൻസോൾ എന്നിവ പ്രധാന സ്റ്റേഷനുകളാണ്.
