കണ്ണൂർ: കണ്ണൂരിൽ യുവാവ് തീക്കൊളുത്തി കൊല്ലാൻ ശ്രമിച്ച യുവതി മരിച്ചു. ഉരുവച്ചാലിലെ കാരപ്രത്ത് ഹൗസിൽ അജീഷിന്റെ ഭാര്യ പ്രവീണയെയാണ് (39) മരിച്ചത്. അക്രമത്തിൽ പ്രവീണയ്ക്ക് ​ഗുരുതരമായി പൊള്ളലേറ്റിരുന്നു . തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയോടെയാണ് മരണം സംഭവിച്ചത്.

ALSO READ:

ഇന്നലെ ഉച്ചയോടെയാണ് ഇരിക്കൂറിനു സമീപം പെരുവളത്തുപറമ്പ് കുട്ടാവിലെ പട്ടേരി ഹൗസിൽ ജിജേഷ് പ്രവീണയുടെ നേർക്ക് പെട്രോൾ ഒഴിച്ചത്. പ്രവീണ താമസിക്കുന്ന വീട്ടിലെത്തിയാണ് ഇയാൾ തീകൊളുത്തിയത്. ആക്രമിക്കാനുള്ള ശ്രമത്തിനിടെ ജിജേഷിനും പൊള്ളലേറ്റിരുന്നു. ഇയാളും പരിയാരത്തെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്നലെ ഉച്ചയ്ക്കു 2.20 ഓടെയാണ് ഭർത്താവ് അജീഷിന്റെ മാതാപിതാക്കളും പ്രവീണയും താമസിക്കുന്ന വാടകവീട്ടിൽ ജിജേഷ് എത്തിയത്. അജീഷ് വിദേശത്താണ്. വെള്ളം വേണമെന്ന് പറഞ്ഞാണ് ഇയാൾ വീടിനുള്ളിലേക്ക് കയറിയത്. പിന്നാലെയാണ് ജിജേഷ് പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. ബഹളം കേട്ടെത്തിയ അയൽവാസികളാണ് ഇരുവരെയും പൊള്ളലേറ്റ നിലയിൽ അടുക്കളഭാഗത്തു കണ്ടെത്തിയത്. ഇരുവരും പരിചയക്കാരാണെന്നും വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്നു കരുതുന്നതായും പൊലീസ് പറഞ്ഞു.