ബോളിവുഡിന്റെ സ്വന്തം കിങ് ഖാനായ ഷാരൂഖ് ഖാന്‍, ഭാഷാഭേദമന്യേ ഏവര്‍ക്കും പ്രിയങ്കരനാണ്. മകന്‍ ആര്യന്‍ ഖാന്റെ സിനിമ അരങ്ങേറ്റത്തിന്റെ സന്തോഷത്തിലാണ് അദ്ദേഹമിപ്പോള്‍. ആര്യന്‍ സംവിധാനം ചെയ്യുന്ന ‘ദി ബാഡ്‌സ് ഓഫ് ബോളിവുഡിന്റെ’ പ്രിവ്യു പരിപാടി കഴിഞ്ഞ ദിവസം നടന്നിരുന്നു. ആര്യന്‍ ഖാനെ വേദിയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള ഷാരുഖ് ഖാന്റെ വൈകാരിക പ്രസംഗമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ആര്യന്‍ ഖാന്റെ ആദ്യ സംവിധാന സംരംഭമായ ‘ദി ബാഡ്സ് ഓഫ് ബോളിവുഡി’ന്റെ പ്രിവ്യൂ ലോഞ്ചില്‍ ഷാരൂഖ് ഖാനും ഗൗരി ഖാനും പങ്കെടുത്തിരുന്നു.

‘മുംബൈയിലെ ഈ പുണ്യഭൂമിയോടും, ഈ രാജ്യത്തെ പുണ്യഭൂമിയോടും ഞാന്‍ ഒരുപാട് നന്ദിയുള്ളവനാണ്. 30 വര്‍ഷം നിങ്ങളെയെല്ലാവരെയും രസിപ്പിക്കാന്‍ അവസരം നല്‍കിയത് ഈ നാടാണ്. ഇന്ന് വളരെ സവിശേഷമായ ഒരു ദിവസമാണ്. കാരണം ഈ പുണ്യഭൂമിയില്‍ എന്റെ മകനും അവന്റെ ആദ്യ കാല്‍വെപ്പ് നടത്തുകയാണ്. അവന്‍ വളരെ നല്ല കുട്ടിയാണ്.’
‘അതുകൊണ്ട് ഇന്ന് അവന്‍ നിങ്ങളുടെ മുന്നിലെത്തുമ്പോള്‍, അവന്റെ വര്‍ക്ക് നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടാല്‍, ദയവായി അവനുവേണ്ടി കൈയടിക്കുക. ആ കൈയടികള്‍ക്കൊപ്പം അല്‍പ്പം അനുഗ്രഹവും പ്രാര്‍ത്ഥനയും നല്‍കുക. ഞാന്‍ നിങ്ങളോട് മുമ്പ് പറഞ്ഞതുപോലെ, നിങ്ങള്‍ എനിക്ക് നല്‍കിയ സ്‌നേഹത്തിന്റെ 150% അവന് നല്‍കുക.- ഷാരൂഖ് ഖാന്‍ പറഞ്ഞു

ബോബി ഡിയോള്‍, ലക്ഷ്യ, സഹേര്‍ ബംബ, മനോജ് പഹ്വ, മോന സിംഗ്, മനീഷ് ചൗധരി, രാഘവ് ജുയല്‍, അന്യ സിംഗ്, വിജയ്ന്ത് കോഹ്ലി എന്നിവര്‍ക്കൊപ്പം രജത് ബേദിയും ഗൗതമി കപൂറും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

തന്റെ ആദ്യ സംവിധാന സംരഭത്തെ കുറിച്ച് ആര്യന്‍ ഖാന്‍ പരിപാടിയില്‍ സംസാരിച്ചിരുന്നു.

‘ദി ബാഡ്സ് ഓഫ് ബോളിവുഡിലൂടെ, ജീവസ്സുറ്റ ഒരു ലോകം നിര്‍മ്മിക്കാനാണ് ഞാന്‍ ആഗ്രഹിച്ചത്. ഞങ്ങളുടെ ക്രിയേറ്റീവ് കാഴ്ചപ്പാട് പങ്കുവെക്കുന്ന ഒരു പങ്കാളിയെ നെറ്റ്ഫ്‌ലിക്‌സില്‍ ഞങ്ങള്‍ കണ്ടെത്തി. ഈ കഥ എങ്ങനെയാണോ പറയേണ്ടിയിരുന്നത്, അതുപോലെ തന്നെ പച്ചയായും മികച്ച രീതിയിലും അവതരിപ്പിക്കാന്‍ അവര്‍ സഹായിച്ചു’- ആര്യന്‍ പറഞ്ഞു.

റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റാണ് ‘ദി ബാഡ്സ് ഓഫ് ബോളിവുഡ്’ നിര്‍മ്മിക്കുന്നത്. 2025 ഫെബ്രുവരി 3-നാണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. ബോളിവുഡിന്റെ പ്രൗഢഗംഭീരവും എന്നാല്‍ അനിശ്ചിതത്വം നിറഞ്ഞതുമായ ലോകത്തിലൂടെ സഞ്ചരിക്കുന്ന ഒരു യുവാവിന്റെയും കൂട്ടുകാരുടെയും കഥയാണിത്.