സുൽത്താൻബത്തേരി: മുത്തങ്ങയിൽ 28.95 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ ആയ സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിൽ. മലപ്പുറം പറമ്പിൽപീടിക കൊങ്കചേരി വീട്ടിൽ പി. സജിൽ കരീം (31)നെ ആണ് ബുധനാഴ്ച കൊങ്കഞ്ചേരിയിൽ ബത്തേരി പോലീസ് പിടികൂടിയത്. എംഡിഎംഎ വാങ്ങുന്നതിനായി പണം നൽകി കഴിഞ്ഞ ദിവസം പിടിയിലായ യുവാവിനെ ബെംഗളൂരുവിലേയ്ക്ക് അയച്ചത് സജിൽ കരീമായിരുന്നു.

ചൊവ്വാഴ്ച ഉച്ചയോടെ മുത്തങ്ങ ചെക്പോസ്റ്റിനു സമീപം നടത്തിയ പരിശോധനയിലാണ് 28.95 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് തിരുവമ്പാടി എലഞ്ഞിക്കൽ കവുങ്ങിൻതൊടി വീട്ടിൽ കെ.എ. നവാസ് (32)നെ ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്.

പോലീസിന്റെ ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി മുത്തങ്ങയിൽ വൻ ലഹരിമരുന്ന് വേട്ട. ബത്തേരി പോലീസും ലഹരിവിരുദ്ധസേനയും മുത്തങ്ങ പോലീസ് ചെക്‌പോസ്റ്റിൽ നടത്തിയ പരിശോധനയിൽ 19.38 ഗ്രാം എംഡിഎംഎയുമായി റിപ്പൺ സ്വദേശി വടക്കൻവീട്ടിൽ കെ. അനസ് (21)നെ പിടികൂടി.

മൈസൂരുവിൽനിന്ന്‌ കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിൽനിന്നാണ് ഇയാളെ പിടികൂടിയത്. വയനാട്ടിൽ വിവിധ സ്ഥലങ്ങളിൽ വിൽപ്പന നടത്തുന്നതിനുവേണ്ടിയാണ് ബെംഗളൂരിൽനിന്ന്‌ എംഡിഎംഎ ഇയാൾ കൊണ്ടുവന്നത്. ഇയാൾക്ക് പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷനിൽ ലഹരിക്കേസുണ്ട്. ബത്തേരി സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എം. രവീന്ദ്രന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.