പഠനം ആധുനികവല്‍ക്കരിക്കുക, അക്കാദമിക് നിലവാരവും ഡിജിറ്റല്‍ കഴിവുകളും മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് പാഠ്യപദ്ധതി പരിഷ്‌ക്കരിച്ചിരിക്കുന്നത്

സൗദി: എഐ സാങ്കേതിത വിദ്യ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയുള്ള പുതിയ അധ്യയന വര്‍ഷത്തിന് സൗദി അറേബ്യയില്‍ ഈ മാസം 24ന് തുടക്കമാകും. കെ ജി മുതല്‍ 12-ാം ക്ലാസ് വരെയുളള എല്ലാ ഗ്രേഡുകളിലും എഐ പ്രതിവാര ക്ലാസുകള്‍ നടത്താനാണ് തീരുമാനം. 13 ഇടങ്ങളിലെ സര്‍ക്കാര്‍ പൊതു വിദ്യാലയങ്ങളിലെ അധ്യയനം ഈ മാസം 24ന് ആരംഭിക്കും. എന്നാല്‍ മക്ക, മദീന എന്നിവിടങ്ങളില്‍ 31ന് ആയിരിക്കും ക്ലാസുകള്‍ തുടങ്ങുക.

പഠനം ആധുനികവല്‍ക്കരിക്കുക, അക്കാദമിക് നിലവാരവും ഡിജിറ്റല്‍ കഴിവുകളും മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് പാഠ്യപദ്ധതി പരിഷ്‌ക്കരിച്ചിരിക്കുന്നത്. ഇതിൻ്റെ ഭാഗമായാണ് എഐ സാങ്കേതിക വിദ്യയും പ്രത്യേക വിഷയമായി ഉള്‍പ്പെടുത്തിയത്. കെ.ജി. മുതല്‍ 12 വരെ എല്ലാ ഗ്രേഡുകളിലും എഐ പ്രതിവാര ക്ലാസുകളുണ്ടാകും.

സാങ്കേതിക വിദ്യയാല്‍ നയിക്കപ്പെടുന്ന ലോകത്തിനായി ഭാവി തലമുറകളെ സജ്ജമാക്കുന്നതിന്റെ ഭാഗമായി കൂടിയാണ് പരിഷ്‌കാരം. നാഷണല്‍ കരിക്കുലം സെന്റര്‍, കമ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം, സൗദി ഡേറ്റ ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റി എന്നിവയുടെ പങ്കാളിത്തത്തോടെയാണ് എഐ പാഠ്യപദ്ധതി വികസിപ്പിച്ചത്.