ആലപ്പുഴ: സ്നേഹിച്ച സ്ത്രീയെ വിവാഹം കഴിക്കാൻ സമ്മതിക്കാതിരുന്നതിലുള്ള വൈരാഗ്യത്തിനാണ് അമ്മയെ കൊലപ്പെടുത്തിയെതെന്നും അച്ഛനെ കൊലപ്പെടുത്തണമെന്നു കരുതിയില്ലെന്നും മാതാപിതാക്കളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മകൻ ബാബുവിന്റെ (49) മൊഴി. അമ്മയെ കുത്തുന്നതിനിടെ തടഞ്ഞപ്പോഴാണ് അച്ഛന് കുത്തേറ്റതെന്നും പ്രതി മൊഴി നൽകി. മദ്യലഹരിയിൽ മാതാപിതാക്കളെ ഉപദ്രവിക്കാറുണ്ടായിരുന്നെന്നും ഇയാൾ സമ്മതിച്ചു.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഒൻപതോടെയാണ് ആലപ്പുഴ കൊമ്മാടിക്കു സമീപം മന്നത്ത് വാർഡ് പനവേലിപ്പുരയിടത്തിൽ തങ്കരാജൻ (70), ഭാര്യ ആഗ്നസ് (69) എന്നിവർ മകൻ ബാബുവിന്റെ കുത്തേറ്റു മരിച്ചത്. തുടർന്ന് ബാബു ഓടി രക്ഷപ്പെടുകയായിരുന്നു. തിരച്ചിലിനൊടുവില്‍ പിന്നീട് ബാറില്‍ നിന്നാണ് ഇയാളെ പോലീസ് കണ്ടെത്തിയത്. ഇതിനു പിന്നാലെ ഇയാളെ കോടതി റിമാൻഡ് ചെയ്തു. ഇന്നലെ ഇയാളെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
സംഭവത്തിൽ കുത്താൻ ഉപയോഗിച്ച കത്തി കണ്ടെത്തി. നേരത്തെ ബാബു പച്ചക്കറിക്കടയിൽ ജോലിചെയ്തപ്പോൾ ഒരു യുവതിയുമായി പ്രണയത്തിലായിരുന്നു. തുടർന്ന് വിവാഹം കഴിപ്പിച്ച് തരണമെന്ന് ആവശ്യപ്പെട്ടെങ്കിലും അമ്മ കൂടുതൽ എതിർത്തു. ഇതോടെ വൈരാഗ്യവും നിരാശയും ഉണ്ടായിരുന്നു. മറ്റേതെങ്കിലും വിവാഹം ഉറപ്പിക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ലെന്നും പ്രതി പോലീസിനു മൊഴി നൽകി. ഇതിനു ശേഷം ബാബു മദ്യപിച്ച് വീട്ടിലെത്തി ബഹളമുണ്ടാക്കുക പതിവായി. സഹോദരിയുടെ വീട്ടിലെത്തിയും മദ്യപിക്കാൻ പണമാവശ്യപ്പെടാറുണ്ടെന്നും ബാബു പറയുന്നു.
അച്ഛനെ കൊലപ്പെടുത്തണമെന്ന് കരുതിയില്ലെന്നും അച്ഛന്റെ മൃതദേഹം മടിയിൽ വച്ച് കുറെ നേരം കരഞ്ഞെന്നും പ്രതി പറഞ്ഞു. ഇതിനു ശേഷം സഹോദരിയെ ഫോണിൽ വിളിച്ചു വിവരമറിയിച്ചു. അച്ഛൻ മരിച്ചെന്നും അമ്മയ്ക്കു ജീവനുണ്ടെന്നും ആശുപത്രിയിൽ എത്തിച്ചാൽ രക്ഷിക്കാമെന്നും അയൽക്കാരോടും ഇയാൾ പറഞ്ഞു. ഇതിനു ശേഷം ബാറിലേക്ക് പോകുകയായിരുന്നു.
