അബുദാബി: ഓണം ആഘോഷിക്കാൻ നാട്ടിലെത്താൻ ആ​ഗ്രഹിക്കുന്ന പ്രവാസികൾക്ക് പ്രത്യേക വിമാന സർവീസുകൾ പ്രഖ്യാപിച്ചു. കൂടുതൽ ആനുകൂല്യങ്ങളോട് കൂടിയാണ് വിമാന സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രത്യേക വിമാനങ്ങളിൽ ടിക്കറ്റുകൾക്ക് 4750 രൂപയാണ് ഈടാക്കുക. ഓഗസ്റ്റ് 20 നും സെപ്റ്റംബർ എട്ടിനും ഇടയിൽ ഫുജൈറയിൽ നിന്ന് കൊച്ചിയിലേക്കും കോഴിക്കോട്ടേക്കുമാണ് പ്രത്യേക വിമാന സർവീസുകൾ ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. കൂടാതെ യാത്രക്കാർക്ക് 40 കിലോ വരെ ബാഗേജും ഏഴ് കിലോ ഹാൻഡ് ബാഗേജും അനുവദിക്കും.

ഈ സമയങ്ങളിൽ ദുബായ്, ഷാർജ എമിറേറ്റുകളിൽ നിന്ന് ഫുജൈറയിലേക്കും തിരിച്ചും ബസ് സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്. കേരളത്തിൽ നിന്ന് യാത്ര ചെയ്യുന്ന യാത്രക്കാർക്ക് 30 കിലോ വരെ ലഗേജ് ഈ കാലയളവിൽ പ്രത്യേക വിമാനങ്ങളിൽ കൊണ്ടുപോകാം. അതേസമയം, ഓഗസ്റ്റ് 26 ന് അവധിക്ക് ശേഷം യുഎഇയിലെ സ്കൂളുകൾ തുറക്കുന്നതിനാൽ മറ്റ് വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്കുകൾ നാലിരട്ടി വരെയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. കണക്റ്റിംഗ് വിമാനങ്ങളിൽ പോലും അമിത നിരക്കുകൾ ഈടാക്കുന്നുണ്ട്.

പ്രത്യേക വിമാനങ്ങളുടെ സമയം

ഫുജൈറ – കോഴിക്കോട്: വൈകുന്നേരം 4.30ന് യാത്ര തുടങ്ങി രാത്രി 10.10ന് എത്തിച്ചേരും

ഫുജൈറ – കൊച്ചി: പുലർച്ചെ 3 മണിക്ക് പുറപ്പെട്ട് രാവിലെ 8.30 ന് എത്തും

കൊച്ചി – ഫുജൈറ: രാത്രി 11.10ന് പുറപ്പെട്ട് പുലർച്ചെ 2 മണിക്ക് എത്തിച്ചേരും

കോഴിക്കോട് – ഫുജൈറ: ഉച്ചയ്ക്ക് 12.45ന് ആരംഭിച്ച് ഉച്ചകഴിഞ്ഞ് 3.30ന് എത്തിച്ചേരും

രാജ്യാന്തര സർവീസുകൾ

എന്നാൽ കഴിഞ്ഞ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഈ വർഷം വിമാനങ്ങളുടെയും സ്വകാര്യ ബസുകളുടെയും നിരക്കുകളിൽ ​​ഗണ്യമായ കുറവ് വന്നിട്ടുണ്ട്. നിലവിലെ നിരക്ക് യാത്രക്കാർക്ക് താൽക്കാലിക ആശ്വാസമാണ്. ദീർഘദുര ട്രെയിൻ ടിക്കറ്റുകളുടെ ലഭ്യത കുറവും യാത്രക്കാർക്ക് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. എല്ലാ വർഷത്തെയും പോലെ തന്നെ ട്രെയിൻ ടിക്കറ്റ് കിട്ടാനില്ലെന്നുള്ള പരാതി ഉയരുന്നുണ്ട്. ഇൻഡിഗോ മാത്രം കൊച്ചിയിൽ നിന്ന് ബെംഗളൂരു, ഹൈദരാബാദ്, മുംബൈ തുടങ്ങിയ മെട്രോ നഗരങ്ങളിലേക്ക് 24 അധിക സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.