തിരുവനന്തപുരം : കേരള ക്രിക്കറ്റ് ലീഗിന് മുന്നോടിയായി കാര്യവട്ടം ഗ്രീൻഫീൽഡിൽ നടന്ന സൗഹൃദ ട്വന്‍റി20 മത്സരത്തിൽ ഇന്ത്യൻ താരം സഞ്ജു സാംസൺ നയിച്ച കെസിഎ സെക്രട്ടറി ഇലവന് വിജയം. അവസാന ഓവർ വരെ നീണ്ട ത്രില്ലർ മത്സരത്തിൽ സച്ചിൻ ബേബി നയിച്ച കെസിഎ പ്രസിഡന്‍റ് ഇലവനെ ഒരുവിക്കറ്റിനാണ് സഞ്ജുവിന്റെ ടീം തകർത്തത്. ആദ്യം ബാറ്റ് ചെയ്ത പ്രസിഡന്‍റ് ഇലവൻ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 184 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ സഞ്ജുവും സംഘവും രണ്ട് പന്ത് ബാക്കിനിൽക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു. 29 പന്തിൽ 69 റൺസെടുത്ത വിഷ്ണു വിനോദിന്‍റെയും 36 പന്തിൽ 54 റൺസെടുത്ത സഞ്ജുവിന്‍റെയും ബാറ്റിങ് പ്രകടനമാണ് സെക്രട്ടറി ഇലവന് വിജയ വഴിയൊരുക്കിയത്. സ്കോർ: കെസിഎ പ്രസിഡന്‍റ് ഇലവൻ 20 ഓവറിൽ എട്ടിന് 184. കെസിഎ സെക്രട്ടറി ഇലവൻ 19.4 ഓവറിൽ ഒമ്പതിന് 188.